Skip to main content

ടൂറിസ്റ്റ് ബസ്സുകളുടെ നിറംമാറ്റം അധിക സാമ്പത്തിക ബാധ്യത വരുത്തില്ല: ഗതാഗതമന്ത്രി

ടൂറിസ്റ്റ് ബസ്സുകളിൽ എസ്ടിഎ നിർദേശിക്കുന്ന നിറംമാറ്റം മൂലം ടൂറിസ്റ്റ് ബസ്സ് ഉടമകൾക്ക് അധിക ചെലവ് വരുന്നുവെന്ന തരത്തിലുള്ള പ്രചാരണം വസ്തുതാപരമല്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.  മാർച്ച് മാസം മുതൽ സംസ്ഥാനത്ത് പുതിയതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കാണ് പുതിയ നിർദ്ദേശം ബാധകമാകുന്നത്.  നിലവിൽ ഓടുന്ന വാഹനങ്ങൾക്ക് അടുത്ത ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനായി വാഹനം പരിശോധനയ്ക്ക് ഹാജരാകുന്നത് വരെ നിലവിലെ നിറം തന്നെ തുടരാവുന്നതാണെന്നും മന്ത്രി അറിയിച്ചു.  
വാഹനങ്ങൾക്ക് ഇപ്പോൾത്തന്നെ പുതിയ കളർകോഡ് പ്രകാരമുള്ള നിറം നൽകാം.  വാഹനങ്ങൾക്ക് ബേസിക് കളർ നിശ്ചയിച്ചിരിക്കുന്നതിനാൽ പെയിന്റിംഗ് സംബന്ധമായുള്ള ചെലവിൽ വാഹന ഉടമകൾക്ക് അറുപത് ശതമാനം വരെ കുറവ് വരും.  ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനായി വാഹനം ഹാജരാക്കുമ്പോൾ റീ പെയിന്റിംഗ് ആവശ്യമാണ്.  ആ സമയത്ത് കളർ കോഡ് പ്രകാരമുള്ള പെയിന്റിംഗ് നടത്തിയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.  സ്വകാര്യ സ്റ്റേജ് കരിയേജ് ബസ്സുകൾക്ക് കളർ കോഡ് ഏർപ്പെടുത്തിയ സമയത്ത് ഉടമസ്ഥർക്ക് അധിക ബാധ്യത ഉണ്ടായിരുന്നില്ല.  അതിനാൽ പരാതികളും ഉയർന്നിരുന്നില്ല.  കൂടുതൽ ഉടമസ്ഥരും സർക്കാർ നടപടിയെ സ്വാഗതം ചെയ്യുകയായിരുന്നുവെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്സ്.504/2020

date