Skip to main content

കൊറോണ രോഗം ആശങ്കയകറ്റാൻ ഗുരുവായൂരിൽ പ്രത്യേക ക്യാമ്പ്

കൊറോണ രോഗബാധയെക്കുറിച്ചുള്ള സമൂഹത്തിന്റെ ആശങ്കയകറ്റാൻ ഗുരുവായൂർ നഗരസഭ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. നിലവിൽ കൊറോണ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്നും എന്നാൽ ജാഗ്രത തുടരണമെന്നും നിർദ്ദേശം നൽകി. അസുഖം സംബന്ധിച്ച് തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും ആരോഗ്യ വിഭാഗം നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും അസുഖബാധിത രാജ്യങ്ങളിൽ നിന്നും നാട്ടിലെത്തുന്നവർ കൃത്യമായ പരിശോധനകൾക്ക് വിധേയരാകണമെന്നും ക്യാമ്പിൽ നിർദ്ദേശം നൽകി. സർക്കാർ സംവിധാനങ്ങളോട് സഹകരിക്കുക, അസുഖത്തിന്റെ സൂചന ഉണ്ടെങ്കിൽ 28 ദിവസത്തെ ഐസൊലേഷൻ കാലയളവ് പാലിക്കുക തുടങ്ങി കൊറോണ വൈറസ് രോഗത്തെ ചെറുക്കുന്നതിന് വേണ്ട ബോധവത്കരണ വിവരങ്ങളും ക്യാമ്പിലൂടെ നൽകി.
നഗരസഭ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവർക്കാണ് പ്രധാനമായും ക്യാമ്പ് സംഘടിപ്പിച്ചത്. സമൂഹവുമായി നേരിട്ട് ഇടപഴകുന്ന ഇവർ വഴി ജനങ്ങളിലേക്ക് കൂടുതൽ അവബോധം പകരാൻ കഴിയുമെന്ന് പരിശീലനത്തിന് നേതൃത്വം നൽകിയ ഡോ. രാഖി പറഞ്ഞു. ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന ക്യാമ്പ് നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ എം. രതി ഉദ്ഘാടനം ചെയ്തു. നഗരസഭ മുൻ വൈസ് ചെയർമാൻ കെ. പി. വിനോദ് അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ രാഖി വിജയൻ, ലസിത, സുജ സുരേഷ്, സിത്താര അപ്പുകുട്ടൻ എന്നിവർ ക്ലാസ്സെടുത്തു.
ഹെൽത്ത് ഇൻസ്പെക്ടർമാരായ പി. വി. ജിജു, അബ്ദുൾ മജീദ്, വി. ശശികുമാർ, നഗരസഭ കൗൺസിലർമാരായ ഹബീബ് നാറാണത്ത്, ടി കെ സ്വരാജ്, സുനിത അരവിന്ദൻ, രമിത സന്തോഷ് എന്നിവർ പങ്കെടുത്തു. ഡോ. റംഷി മുഹമ്മദ് സ്വാഗതവും കടപ്പുറം സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ കെ. കെ ഹുസൈൻ നന്ദിയും പറഞ്ഞു.

date