Skip to main content

കൊറോണ: മതിലകത്ത് അടിയന്തര സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്നു

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മതിലകം പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്നു. പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ മെഡിക്കൽ ഓഫീസർ നിലവിലെ സ്ഥിതി വിശദീകരിച്ചു. കോറോണ സംബന്ധിച്ച് ഇതുവരെ പഞ്ചായത്ത് സ്വീകരിച്ച നടപടികൾ വിശദീകരിച്ചു. മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിലുള്ളവരുടെ ആരോഗ്യനിലയിൽ ഭയപ്പെടേണ്ട കാര്യമില്ല. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് നിലവിൽ രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ലെന്നും മറ്റുള്ളവരിലേക്ക് വൈറസ് പടർന്നിട്ടില്ലെന്നും സ്ഥിതി പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ഇ ജി സുരേന്ദ്രൻ അറിയിച്ചു. ഗ്രാമസഭകൾ വഴിയും അങ്കണവാടി വർക്കർമാർ വഴിയും കുടുംബശ്രീ വഴിയും ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാണ്. രോഗത്തെക്കുറിച്ച് അനാവശ്യ ഭയാശങ്കകൾ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചവരെ പോലീസ് അറസ്റ്റ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തര നടപടി സ്വീകരിക്കും. എംഎൽഎയുടെ അധ്യക്ഷതയിൽ നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് അധ്യക്ഷൻമാരുടേയും ആരോഗ്യവകുപ്പ് അധികൃതരുടേയും സംയുക്ത യോഗം ചേർന്ന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കും, ആശങ്ക പരത്തുന്ന സന്ദേശങ്ങൾക്കും നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചു. പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളെയും ഐ സി ഡി എസ് സൂപ്പർവൈസർ, സി ഡി എസ് ചെയർപേഴ്സൺ എന്നിവരെയും ഉൾപ്പെടുത്തിയുള്ള യോഗം ചേരും.
ചൈനയിൽ നിന്നെത്തിയ 4 പേർ മറ്റുള്ളവരുമായി സമ്പർക്കമില്ലാത്ത രീതിയിൽ അവരുടെ വീടുകളിൽ നിരീക്ഷണത്തിലാണ്. അവർക്ക് ഭക്ഷണമുൾപ്പെടയുള്ള അവശ്യസേവനങ്ങൾ നൽകുന്നതിന് യോഗം തീരുമാനിച്ചു.

date