Skip to main content

കൊറോണ : ഇതര സംസ്ഥാന തൊഴിലാളികൾക്കും ബോധവത്ക്കരണം

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും ബോധവൽക്കരണം ശക്തമാക്കണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ഇവരെ ജോലിക്ക് നിയമിക്കുന്ന ലേബർ കോൺട്രാക്ടർമാർക്ക് കർശന നിർദ്ദേശം നൽകണമെന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ലേബർ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങി പാർക്കുന്ന ഇടങ്ങളിലും അവരുടെ ജോലി സ്ഥലങ്ങളിലും മക്കൾ പഠിക്കുന്ന വിദ്യാലയങ്ങളിലും ആവശ്യമായ ലഘു ലേഖകളും പോസ്റ്ററുകൾ വിതരണം ചെയ്യും. വീഡിയോ പ്രദർശനം, ഗൃഹ സന്ദർശനം എന്നിവ നടത്തും. നടത്തിയും രോഗത്തെക്കുറിച്ചും രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളെക്കുറിച്ചും ആവശ്യമായ അവബോധം ഉണ്ടാക്കും. ജില്ലയിൽ ഏതാണ്ട് 75000 ഇതര സംസ്ഥാന തൊഴിലാളികളുള്ള സാഹചര്യം കണക്കിലെടുത്താണ് ബോധവൽക്കരണം. ഇംഗ്ലീഷ്, ബംഗാളി, ഒറിയ, ആസാമീസ്, തമിഴ് ഭാഷകളിൽ ബോധവൽക്കരണ ശബ്ദരേഖ സോഷ്യൽ മീഡിയകളിലൂടെ ഇവരുടെ ഗ്രൂപ്പുകളിൽ എത്തിക്കും. നിർമ്മാണ തൊഴിലാളി യൂണിയനുകൾ, ഹോട്ടൽ അസോസിയേഷൻ, ബ്യൂട്ടി പാർലർ അസോസിയേഷൻ എന്നിവ കേന്ദ്രീകരിച്ചും ബോധവത്കരണം നടത്തും. ഇതിനു പുറമെ പഞ്ചായത്ത് തലത്തിലും ഇവർക്കാവശ്യമായ അവബോധം നൽകും. വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകീകരിച്ച് ബോധവത്കരണത്തിന് വേണ്ട നിർദ്ദേശങ്ങളും നേതൃത്വവും നൽകും. പഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം ഉറപ്പാക്കും. ഡി പി എം മാരായ ഡോ സതീശൻ ടി വി, ഡോ എൻ വി ശ്രീവത്സൻ, ഡി എൽ ഓമാരായ ടി ആർ രാജീവ്, സക്കീന സി എം, വിവിധ മൈഗ്രന്റ് സെൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date