Skip to main content

കൊറോണ : പഞ്ചായത്ത് തലത്തിലും ജാഗ്രത ശക്തമാക്കും

കൊറോണ വൈറസ് ജില്ലയിൽ വ്യാപകമാവാതിരിക്കാൻ പഞ്ചായത്ത് തലത്തിൽ ജാഗ്രത കർശനമാകും. ഇതിന്റെ ഭാഗമുളള പ്രത്യേക അവലോകന യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്ത് സെക്രട്ടറിമാരും പങ്കെടുത്തു. കൊറോണയുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുളളവരെ അതത് പഞ്ചായത്ത് സെക്രട്ടറിമാരുടെ ശ്രദ്ധിക്കണം. നിത്യം വിവരങ്ങൾ ആരായണം. ക്വാറന്റയിനിൽ കഴിയുന്നവർക്കുളള ഭക്ഷണ സാധനങ്ങൾ, വസ്ത്രം, മരുന്ന് എന്നിവ എത്തിക്കാനുളള നടപടികൾ ഉറപ്പ് വരുത്തണം. മറ്റ് സാമൂഹിക സുരക്ഷാക്രമീകരണങ്ങൾ ലഭ്യമാക്കണം. ക്വാറന്റയിൻ സംവിധാനത്തിന്റെ ആവശ്യക്ത ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ആവശ്യമെങ്കിൽ കൗൺസിലിങ് നൽകണമെന്നും ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു. പരിശീലനം ലഭിച്ച ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഐസിഡിഎസ് അങ്കണവാടി പ്രവർത്തകർ എന്നിവരെ മാത്രമേ ഐസലോറ്റെറ്റഡ് ആയ വീടുകളിൽ ഭക്ഷണവിതരണത്തിന് നിയോഗിക്കും. ഓൺലൈൻ ഫുഡ് ഡെലിവറി പൂർണ്ണമായും നിരുത്സാഹപ്പെടുത്തണം. ചൈനയിൽ നിന്നെത്തിയവരും അവരുടെ ബന്ധുക്കളേയും പ്രത്യേകം നിരീക്ഷിച്ച് നിർദ്ദേശങ്ങൾ നൽകണം. ക്വാറന്റയിൻ വീടുകളിലെ കുഞ്ഞുങ്ങളുടെ സ്ഥിതി ഗതികളും നിരീക്ഷണ വിധേയമാക്കണം. 28 ദിവസത്തെ ഐസൊലേഷന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധ്യപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ് ജോൺ, സീനിയർ സൂപ്രണ്ട് വിനോദ് കുമാർ, ജില്ലാ ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. സതീശൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date