Skip to main content

ലഹരി മാഫിയയെ തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി ടി.പി രാമകൃഷ്ണന്‍

 

ലഹരി മാഫിയയെ തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ലഹരി നിയന്ത്രണത്തിനായി ആധുനിക മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നും എക്സൈസ് - തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
സംസ്ഥാന എക്‌സൈസ് വകുപ്പ് പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിക്ക് സമീപം നിര്‍മ്മിച്ച എക്സൈസ് ടവറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ ശക്തമാക്കിയതോടെ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കാനായി. അതിന്റെ ഫലമാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും ലഹരി-മദ്യ മാഫിയകളെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞത്. വകുപ്പിനെ ആധുനികവല്‍ക്കരിക്കുന്നതിനും മാഫിയയെ നിയന്ത്രിക്കാനുമാണ്  പുതിയ കെട്ടിടങ്ങളും ആധുനിക സജ്ജീകരണങ്ങളുള്ള വാഹനങ്ങളും ഉദ്യോഗസ്ഥര്‍ക്ക്  ആയുധങ്ങളും  അനുവദിക്കുന്നത്. ലഹരിവേട്ടക്കായി നിലവിലെ മൂന്ന് സ്‌ക്വാഡിന് പുറമെ പുതുതായി ഒരു സ്‌ക്വാഡിന് കൂടി രൂപം നല്‍കിയിട്ടുണ്ട്. വകുപ്പിന്റെ പ്രവര്‍ത്തനത്തിനായി കൂടുതല്‍ തുക അനുവദിച്ചു. ലഹരിവേട്ട ജില്ലയില്‍ ശക്തമായി നടത്തിവരുന്നുണ്ട്. ലഹരി വര്‍ജ്ജനത്തിലൂടെ ലഹരി വിമുക്തി എന്നതാണ് സര്‍ക്കാര്‍ നയം. വിമുക്തി പദ്ധതിയിലൂടെ നടത്തുന്ന ബോധവത്ക്കരണ പരിപാടികള്‍ മികച്ച ഫലമാണ് നല്‍കുന്നത്. ലക്ഷ്യം പൂര്‍ണ്ണമാകുന്നതുവരെ പദ്ധതി തുടരും. വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് മാഫിയയുടെ ലക്ഷ്യം. വിദ്യാലയ പരിസരത്ത് ലഹരിവില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തനാനുമതി നിഷേധിക്കും. ലഹരിബാധിതരെ ചികിത്സിക്കാന്‍ അരോഗ്യ  വകുപ്പുമായി സഹകരിച്ചു  ആധുനിക സംവിധാനങ്ങള്‍ ഒരുക്കും. താലൂക്ക് തലത്തിലും ഡി അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കും. ലഹരി ഉപയോഗിക്കുന്ന കൗമാരക്കാരെ ശിക്ഷിക്കുന്നത്  സര്‍ക്കാര്‍ നിലപാടല്ല. അവരെ ഇതിലേക്ക് നയിക്കുന്ന ആളുകളെ കണ്ടെത്തി ഉറവിടം നശിപ്പിക്കും. പൊതുസമൂഹം ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒപ്പം വേണം. ചാരായ നിരോധനവും വീര്യം കുറഞ്ഞ ബിയര്‍ പാര്‍ലര്‍ എന്ന നയവും സംസ്ഥാനത്തു മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാക്കി. ഇതിനെതിരെ ശക്തമായ നടപടിയെടുക്കാനും നിയന്ത്രിക്കാനും സര്‍ക്കാറിന് കഴിഞ്ഞു എന്നതാണ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കിയത്. വകുപ്പിനെ കളങ്കപ്പെടുത്തുന്ന  പ്രവര്‍ത്തനം നടത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.  

ജില്ലയില്‍ ലഹരി ഉപഭോഗം നിയന്ത്രണവിധേയം, ചിറ്റൂര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും

ജില്ലയില്‍ ലഹരിമാഫിയയുടെ പ്രവര്‍ത്തനം നിയന്ത്രണ വിധേയമായെങ്കിലും പാലക്കാട് ചിറ്റൂര്‍ മേഖലയില്‍ ഇപ്പോഴും ലഹരി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ശക്തമായ നടപടിയിലൂടെ ഇത് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ചിറ്റൂര്‍ മേഖലയിലെ കള്ള് ചെത്ത് തൊഴിലാളികളില്‍ പലരും ക്ഷേമനിധി അംഗങ്ങളല്ല എന്ന വിഷയം സര്‍ക്കാര്‍ ഗൗരവത്തിലാണ് കാണുന്നത്. അവര്‍ ക്ഷേമനിധി അംഗത്വമെടുക്കണമെന്നും എല്ലാ തൊഴിലാളികളെയും സംരക്ഷിക്കുന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു.  

വകുപ്പിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം ഊട് വഴികള്‍ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ പ്രവര്‍ത്തനത്തിന് തടയിട്ടെന്ന് മന്ത്രി എ.കെ ബാലന്‍

എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയതോടെ ജില്ലയിലെ ഊട് വഴികള്‍ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനായെന്ന് പരിപാടിയില്‍ അധ്യക്ഷനായ പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക നിയമ, സാംസ്‌കാരിക,പാര്‍ലമെന്ററി കാര്യ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. മദ്യാസക്തി എന്ന സാമൂഹ്യ വിപത്ത് നേരിടാന്‍ നിയമം കൊണ്ടുമാത്രം കഴിയില്ല.  അട്ടപ്പാടി ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗ കോളനികളില്‍ മദ്യത്തിന്റെ ഉപയോഗം കൂടുതലാണ്.
മദ്യ,മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കുന്നതിന് ശക്തമായ നിയമങ്ങളും പിഴയും ഉണ്ടെങ്കിലും പിന്നാക്ക വിഭാഗങ്ങളെ ഇത്തരം നിയമത്തിന് ഇരയാകുന്ന രീതി  മാറ്റം ഉണ്ടാക്കാത്തതും അവരെ ദോഷകരമായി ബാധിക്കുന്നതുമാണ്. ബോധവല്‍ക്കരണമാണ് അനുയോജ്യമായ നടപടി. വിമുക്തി പദ്ധതിയിലൂടെ ആദിവാസി മേഖലകളില്‍ അവരുടെ ഭാഷയില്‍ ബോധവല്‍ക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

പഴങ്ങളും പച്ചക്കറിയും ഉപയോഗിച്ചുള്ള വൈന്‍ നിര്‍മ്മാണം കര്‍ഷകര്‍ക്ക് ഗുണകരമാകും: മന്ത്രി കെ കൃഷ്ണന്‍കുട്ടി

പഴങ്ങളും പച്ചക്കറിയും ഉപയോഗിച്ചുള്ള വൈന്‍ നിര്‍മ്മാണം കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ വിളവിന് നല്ല വില ലഭിക്കാന്‍ വൈന്‍ നിര്‍മ്മാണം ഇടയാക്കും. പാലക്കാട് കേന്ദ്രീകരിച്ച് കാന്തരി മുളക് കൃഷിക്ക് വന്‍ സാധ്യതകളാണുള്ളത്. ചിറ്റൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മദ്യ മയക്ക് മരുന്ന് മാഫിയയില്‍ കേരളത്തിലെ എല്ലാ ഇടങ്ങളില്‍ നിന്നുമുള്ള ആളുകളുണ്ടന്നും നടപടി കര്‍ശനമാക്കി തുടങ്ങിയതോടെ മാറ്റം ദൃശ്യമാണെന്നും മന്ത്രി പറഞ്ഞു.

എം.എല്‍.എമാരായ കെ.വി വിജയദാസ്, ഷാഫി പറമ്പില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി, നഗരസഭാ അധ്യക്ഷ പ്രമീളാശശിധരന്‍, കൗണ്‍സിലര്‍ വി രഞ്ജിത്, എക്സൈസ് കമ്മീഷണര്‍ എസ്.ആനന്ദകൃഷ്ണന്‍, മധ്യമേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ കെ.സുരേഷ്ബാബു, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.പി സുലേഷ് കുമാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യു.പി ജയശ്രീ, വിവിധ സര്‍വ്വീസ് സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date