Skip to main content

കൊറോണ: ജില്ലയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ച  നാലു സാമ്പിളുകളും നെഗറ്റീവ്, 70 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 70 പേര്‍. ഇവരില്‍ 69 പേരും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരാണെന്നും നിലവില്‍ പരിശോധനയ്ക്ക് അയച്ച നാലു സാമ്പിളുകളും നെഗറ്റീവ് ആണെന്നും ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം അലക്‌സ് പി തോമസ് പറഞ്ഞു.  കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ അടിയന്തര യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരാള്‍ മാത്രമാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലുളളത്. വുഹാനില്‍ നിന്ന് എത്തിയ നാലു പേരുടെ സാമ്പിളുകളാണ് പരിശോനയ്ക്ക് അയച്ചിരുന്നത്. ചൈനയില്‍ നിന്ന് എത്തിയവരാണ് നിരീക്ഷണത്തിലുള്ള 70 പേരും. നിലവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുമായി രണ്ട് ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആവശ്യമായി വരുകയാണെങ്കില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്യാന്‍സര്‍ സൊസൈറ്റിയുടെ പേ വാര്‍ഡുകള്‍ ഏറ്റെടുക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ആരോഗ്യവകുപ്പിന് അനുവാദം നല്‍കി. ജില്ലയിലെ മൂന്നു മെഡിക്കല്‍ കോളജുകളും ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും അറിയിച്ചുണ്ട്. നിലവില്‍ മരുന്നുകളും ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്കുകളും ആവശ്യത്തിനുണ്ട്. കൂടുതല്‍ ആവശ്യമായി വരുകയാണെങ്കില്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ തുക ഉപയോഗിച്ച് ഇവ ലഭ്യമാക്കുവാന്‍ യോഗം തീരുമാനിച്ചു. രണ്ട് ആംബുലന്‍സുകള്‍ സജ്ജമാണ്. കൂടുതല്‍ ആവശ്യമെങ്കില്‍  സ്വകാര്യ ആശുപത്രികളുടേത് ഉള്‍പ്പെടെ ഏറ്റെടുക്കുവാനും യോഗം തീരുമാനിച്ചു. 

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ തുക ഉപയോഗിച്ച് സഹായം ലഭ്യമാക്കുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ സേവനം ഇവര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.  ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം മാത്രമേ ഇവര്‍ ആശുപത്രികളില്‍ ചികിത്സ തേടാവു. നിരീക്ഷണത്തിലുള്ളവര്‍ പൊതു പരിപാടികളിലോ ആളുകള്‍ കൂടുന്ന ഇടങ്ങളിലോ പങ്കെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. 

 നിരീക്ഷണത്തില്‍ പെടാത്തവരുണ്ടെങ്കില്‍ കുടുംബശ്രീ, അങ്കണവാടി, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇവരെ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പിനെ സഹായിക്കണം. ഇത്തരത്തില്‍ നിരീക്ഷണത്തില്‍പ്പെടാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ച് അറിയിക്കണം.  

ജില്ലാ പഞ്ചായത്ത് എല്ലാ സഹായങ്ങളും നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. വാര്‍ഡ് തലം മുതല്‍ ജില്ലാതലം വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ബോധവത്ക്കരണവും പരിശീലനവും നല്‍കും. പഞ്ചായത്ത് തലത്തിലും പരിശീലനവും ബോധവത്ക്കരണവും നല്‍കും. നിലവില്‍ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കി കഴിഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു.  ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ബോധവത്ക്കരണ പ്രദര്‍ശനം നടത്തിയതായി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു. 

നിരീക്ഷണത്തിലുള്ള വ്യക്തികളുടെ വീടുകളിലുള്ള വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമായിട്ടുള്ളവര്‍ 28 ദിവസത്തേക്ക് നിരീക്ഷണത്തിന്റെ ഭാഗമായി വീടുകളില്‍ തന്നെ കഴിയണം. നിരീക്ഷണത്തിന്റെ ഭാഗമായി ഇരുപത്തിയെട്ട് ദിവസം ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഏതെങ്കിലും വിധത്തിലുള്ള മാറ്റങ്ങള്‍ കാണപ്പെടുകയാണെങ്കില്‍ ജില്ലയിലെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുമെന്നും ഡിഎംഒ പറഞ്ഞു. കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന് വന്നിട്ടുള്ളവരുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഡിഎംഒ നിര്‍ദേശിച്ചു. നിരീക്ഷണത്തിലുള്ളവര്‍ പരമാവധി സഹകരിക്കണമെന്നും ഡിഎംഒ അഭ്യര്‍ഥിച്ചു.

 ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം: അലക്സ് പി. തോമസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, അടൂര്‍ ആര്‍.ഡി.ഒ: പി.ടി.എബ്രഹാം, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ഗ്രിഗറി കെ. ഫിലിപ്പ്,  ഡി.എം.ഒ:ഡോ.എ.എല്‍ ഷീജ, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍  ഡോ. എബി സുഷന്‍, ഡി.എസ്.ഒ: ഡോ.ഡോ. സി.എസ് നന്ദിനി, ജില്ലാ ദുരന്തനിവാരണ അതോറിട്ടി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date