Skip to main content

ജില്ലയിലെ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കണം

ജില്ലയില്‍ തെരുവുനായ ശല്യവും പേവിഷബാധയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) യൂണിറ്റുകള്‍ തുടങ്ങുവാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ക്ക്  കലക്ടര്‍ നിര്‍ദേശം നല്‍കി.  ജില്ലയില്‍ നിലവില്‍ പാപ്പിനിശ്ശേരിയില്‍ മാത്രമാണ്  എബിസി യൂണിറ്റുള്ളത്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഉടന്‍ തന്നെ പടിയൂരിലും കേന്ദ്രം ആരംഭിക്കും. എന്നാല്‍ നിലവിലെ തെരുവുനായ ശല്യം കുറയ്ക്കാന്‍ ഈ കേന്ദ്രങ്ങള്‍ അപര്യാപ്തമാണെന്നും അഞ്ച് എബിസി യൂണിറ്റുകളെങ്കിലും ജില്ലയില്‍ സജ്ജികരിച്ചാല്‍ മാത്രമേ  പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയൂ എന്നും  ചീഫ് വെറ്റിനറി ഓഫീസര്‍ സി പി പ്രസാദ് വ്യക്തമാക്കി.
നിലവില്‍ ഒരു മാസം 200 എന്ന തോതിലാണ് തെരുവുനായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടികൂടുന്ന നായ്ക്കളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി മൂന്ന് ദിവസത്തിന് ശേഷം പിടിച്ച  സ്ഥലത്ത് തിരികെ കൊണ്ടു വിടുന്നതാണ് രീതി.  ഈ സമയം അവയ്ക്ക് റാബിസിനെതിരെയുള്ള പ്രതിരോധ മരുന്നും നല്‍കാറുണ്ട്. എന്നാല്‍ ഇതിലൂടെ മാത്രം പ്രശ്‌നത്തിന്  ശാശ്വതമായ ഒരു പരിഹാരമാര്‍ഗം കണ്ടെത്താന്‍ ആകില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ്  നല്‍കുന്ന വിശദീകരണം. കൃത്യമായ രീതിയിലുള്ള മാലിന്യ സംസ്‌കരണം, വളര്‍ത്തുനായയുടെ ലൈസന്‍സ്  നിര്‍ബന്ധമാക്കുക, പ്രതിരോധ മരുന്നുകള്‍ നിര്‍ബന്ധമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ കൂടി ശക്തമായ നടപടിയുണ്ടാവണമെന്നും  യോഗം വിലയിരുത്തി.

date