Skip to main content

ജില്ലയിലെ ആറ് ആരോഗ്യ കേന്ദ്രങ്ങൾക്ക് ദേശീയ അംഗീകാരം

ജില്ലയിലെ ആറ് ആരോഗ്യ കേന്ദ്രങ്ങൾക്ക് ദേശീയ അംഗീകാരം. നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റാണ് ചികിത്സാ രംഗത്തെ മികവിന് ലഭിച്ചിട്ടുള്ളത്. ചാലക്കുടി താലൂക്ക് ആശുപത്രിയാണ് ദേശീയ തലത്തിൽ ആദ്യമെത്തിയിരിക്കുന്നത്. ആനാപ്പുഴ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ മുണ്ടൂർ, ദേശമംഗലം, തളിക്കുളം, പുന്നയൂർ എന്നിവയാണ് അംഗീകാരം ലഭിച്ച മറ്റ് ആശുപത്രികൾ.
മികച്ച അടിസ്ഥാന സൗകര്യങ്ങളും ചികിത്സയും ഉറപ്പാക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമാണിത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തുന്ന പരിശോധനയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കേഷൻ ലഭിക്കുക.
ഉയർന്ന നിലവാരമുള്ള ചികിത്സാ സൗകര്യങ്ങളാണ് തിരഞ്ഞെടുത്ത ആശുപത്രിയിൽ പൊതുജനങ്ങൾക്കായി സജ്ജീകരിച്ചിട്ടുള്ളത്. പകർച്ച വ്യാധികളുടെ ശരിയായ പ്രതിരോധ പ്രവർത്തനം, ഒ പി, ലബോട്ടറി, ഫാർമസി എന്നിവയുടെ മികച്ച ഏകോപനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, മാലിന്യ നിർമാർജ്ജനം തുടങ്ങിയ ഇനങ്ങളിലെ നടത്തിപ്പിന്റെ അടിസ്ഥാനത്തിലാണ് എൻ ക്യു എ എസ് അംഗീകാരത്തിന് പരിഗണിക്കുക. താലൂക്ക് ആശുപത്രി 13, കുടുംബാരോഗ്യ കേന്ദ്രം 4, അർബൻ പ്രൈമറി ഹെൽത്ത് സെന്റർ 12 എന്നിങ്ങനെ ഇനം തിരിച്ചുള്ള സൗകര്യങ്ങളുടെ പരിശോധനക്ക് ശേഷമാണ് അംഗീകാരത്തിന് പരിഗണിച്ചത്. ഓരോ വിഭാഗത്തിനും 70 % ന് മുകളിൽ മാർക്ക് നേടിയിരിക്കണം.രണ്ട് ലക്ഷം രൂപ തിരഞ്ഞെടുത്ത ആരോഗ്യ കേന്ദ്രങ്ങൾക്ക് ലഭിക്കും. ആരോഗ്യ രംഗത്തെ നല്ല പരിചരണത്തിലൂടെ മികവിന്റെ കേന്ദ്രങ്ങളായി ഉയരുകയാണ് ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ.

date