Skip to main content

ചൊവ്വന്നൂർ പഞ്ചായത്തിൽ പച്ചക്കറി വിപണനത്തിന് കാർഷിക ഇക്കോഷോപ്പ്

കൃഷിയെ കൂടുതൽ ജനകീയമാക്കാനും കർഷകർക്ക് ജൈവ രീതിയിൽ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് വിപണി കണ്ടെത്താനും ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിൽ കാർഷിക ഇക്കോഷോപ്പ് പ്രവർത്തനം ആരംഭിക്കും. പഞ്ചായത്തിലെ മുഴുവൻ കർഷകരെയും പങ്കെടുപ്പിച്ച് പഞ്ചായത്തിലെ പൊതു ഇടത്തിലാണ് കൃഷി വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിലാണ് ഈ സംരംഭം. കർഷകർ വിളയിച്ചെടുക്കുന്ന സുരക്ഷിതമായ പച്ചക്കറികൾ പൊതുജനങ്ങളിലെത്തിക്കുന്നതിനായി കൃഷി വകുപ്പ് ആരംഭിച്ചതാണ് ഈ പദ്ധതി. ഇതിനായി പൊതുയോഗം ചേർന്ന് രജിസ്റ്റർ ചെയ്യുന്ന കാർഷിക സംഘത്തിന് രണ്ടു ലക്ഷം രൂപയാണ് കൃഷി ഡിപ്പാർട്ട്മെന്റ് ചൊവ്വന്നൂർ കൃഷിഭവൻ മുഖേന അനുവദിച്ചിട്ടുള്ളത്. പഞ്ചായത്തിലെ പാടശേഖരങ്ങളിലാണ് പ്രധാനമായും പച്ചക്കറി കൃഷിയിറക്കുക. രണ്ടാംവിള മുണ്ടകൻ നെൽകൃഷിയുടെ കൊയ്ത്ത് കഴിഞ്ഞാലുടൻ അവിടെയാണ് പച്ചക്കറി വിളയിക്കുക. കുമ്പളം, മത്തൻ, പാവയ്ക്ക, വെണ്ട, ചീര, വഴുതന, മുളക്, വെള്ളരി മുതലായ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.
ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിൽ കാർഷിക ഇക്കോഷോപ്പ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മേഖലയിലെ കർഷകരെ ഉൾക്കൊള്ളിച്ച് കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. തുടർന്ന് ഇക്കോഷോപ്പിലേക്ക് പച്ചക്കറികൾ എത്തിക്കാൻ കർഷകരിൽ നിന്ന് രജിസ്‌ട്രേഷൻ ആരംഭിക്കും. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ദിവസേന വിളയിച്ചെടുത്ത പച്ചക്കറി വിളകൾ പഞ്ചായത്ത് നൽകുന്ന സ്ഥലത്ത് വിൽക്കാൻ സജ്ജമാക്കും. കൃഷി വകുപ്പ് നൽകുന്ന രണ്ടു ലക്ഷം രൂപയിൽ നിന്ന് ഒരു ലക്ഷം രൂപ പച്ചക്കറി നൽകുന്ന കർഷകർക്ക് വിലയായി നൽകുന്നതിനാണ് ഉപയോഗിക്കുക. ബാക്കിയുള്ള ഒരു ലക്ഷം രൂപ ഇക്കോഷോപ്പ് തുടങ്ങുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾക്കാണ് വിനിയോഗിക്കുക.
കാർഷിക ഇക്കോഷോപ്പ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കൃഷിഭവനിൽ കർഷക സംഘവും നിലവിൽ വന്നു. പച്ചക്കറി കർഷകരായ കെ എ വാസുദേവൻ, പി രാമകൃഷ്ണൻ, പി സി വിൽസൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.

date