Skip to main content

തണ്ണീര്‍മുക്കത്തും പട്ടണക്കാട് ബ്ലോക്കിലും ബോധവല്‍ക്കരണ ക്ലാസ്സ്

 

ആലപ്പുഴ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ ബോധവത്ക്കരണ ക്ലാസ് നടത്തി. തണ്ണീര്‍മുക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. അമ്പിളി ക്ലാസ്സിന് നേതൃത്വം നല്‍കി. പൊതുജനാരോഗ്യ സംബന്ധമായ കാര്യങ്ങളെകുറിച്ചും കൈ കഴുക്കുന്ന രീതി, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ചു മുഖം മറക്കല്‍ തുടങ്ങിയ പ്രാഥമിക ശുചിത്വ ശീലങ്ങള്‍ ക്ലാസില്‍ വ്യക്തമാക്കി. പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ക്ലാസില്‍ പങ്കെടുത്തു. പഞ്ചായത്തിന് പുറമെ നിര്‍മല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വല്യാകുളം യു.പി. സ്‌കൂള്‍ എന്നിവടങ്ങളിലും കൊറോണ ബോധവത്ക്കരണ ക്ലാസ്സ് നടത്തി.

 

പട്ടണക്കാട് ബ്ലോക്കിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും ബോധവത്ക്കരണ ക്ലാസുകളും ശുചീകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി. അരൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശീലന ക്ലാസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്‍ ജവഹര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ബി അലിയാര്‍ എന്നിവര്‍ ക്ലാസെടുത്തു. ചൈന അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചത്തിയ ആളുകളുടെ ആരോഗ്യനില കൃത്യമായി ശ്രദ്ധിച്ച് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കും. ആശാ, അംഗനവാടി, കുടുംബശ്രീ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ക്ലാസില്‍ പങ്കെടുത്തു.

 

വയലാര്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസില്‍ വയലാര്‍ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രസിമോള്‍ ക്ലാസ് നയിച്ചു. തുറവൂര്‍ ഗ്രാമപഞ്ചായത്തില്‍ തുറവൂര്‍ പി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനോദ്, ഡോ. മീന ചന്ദ്രന്‍ എന്നിവര്‍ ക്ലാസെടുത്തു. കോടംതുരുത്ത് ഗ്രാമപഞ്ചായത്തില്‍ കോടംതുരുത്ത് പി.എച്ച്.സിയിലെ ഡോ. മോനായി, എഴുപുന്ന ഗ്രാമപഞ്ചായത്തില്‍ ഡോ.സൂരജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഫാത്തിമ എന്നിവര്‍ ക്ലാസെടുത്തു. വരും ദിവസങ്ങളില്‍ പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കായി കൈകഴുകല്‍ പരിശീലനം സംഘടിപ്പിക്കുമെന്നും വാര്‍ഡുകള്‍തോറും ലഘുലേഖകള്‍ വിതരണം ചെയ്യുമെന്നും പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ പ്രമോദ് അറിയിച്ചു.

 

date