Skip to main content

കൊറോണ: ജില്ല മാനസികാരോഗ്യ പരിപാടിയുടെ ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി

ആലപ്പുഴ: കൊറോണ വൈറസ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും ജാഗ്രതയും ശ്രദ്ധയും മാത്രമാണ് എല്ലാവരില്‍ നിന്നും ആവശ്യപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പും ജില്ല മാനസികാരോഗ്യ പരിപാടിയും ചേർന്ന് തെരുവ് നാടകം സംഘടിപ്പിച്ചു. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ രാവിലെ 11 മണിയോടെയാണ് ദൃശ്യാവിഷ്കാരം അരങ്ങേറിയത്. ചൈനയിൽ നിന്നുള്ള എംബിബിഎസ് വിദ്യാർഥി ചുമ, ശ്വാസംമുട്ടൽ, പനി എന്നീ ലക്ഷണങ്ങളുമായി തിരിച്ചുവരുന്നതോടെയാണ് നാടകം ആരംഭിക്കുന്നത്. നാട്ടിൽ തിരിച്ചെത്തിയ ഉടൻ ദിശ നമ്പറിൽ വിളിക്കുകയും തനിക്ക് ചുമ, പനി ലക്ഷണങ്ങൾ ഉണ്ടെന്ന് പറയുന്നു. ഇതോടെ ആരോഗ്യവകുപ്പ് അധികൃതർ വീട്ടിലെത്തി രോഗിയെ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഐസൊലേഷന്‍ വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ബന്ധുക്കള്‍ ആശുപത്രിയിലെത്തി ബഹളമുണ്ടാക്കുന്നു. രോഗിയെ ആശപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ഒരു സാഹചര്യവുമില്ലെന്നാണ് അവരുടെ ഭാഷ്യം. ഇതോടെ ആരോഗ്യവകുപ്പിന് കീഴിലെ കൗൺസിലിംഗ് വിഭാഗം ബന്ധുക്കളെ മാറ്റിയിരുത്തി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുന്നു. വൈറസ് ബാധയുള്ള രാജ്യത്തു നിന്നാണ് രോഗ ലക്ഷണമുള്ളയാള്‍ വന്നത്. അതുകൊണ്ടുതന്നെ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കുന്നു. 28 ദിവസത്തോളം നിരീക്ഷണത്തില്‍ വയ്ക്കുന്നതിന് കാരണം ഇക്കാലയളവിനുള്ളില്‍ ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രത്യേക്ഷപ്പെടാം എന്നതുകൊണ്ടാണെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. സംശയങ്ങള്‍ ഒഴിഞ്ഞ് നന്ദി വാക്കുകൾ പറഞ്ഞ് ബന്ധുക്കള്‍ മടങ്ങുകന്നതോടെ ദൃശ്യാവിഷ്കാരം പൂര്‍ണമാകുന്നു. ദിശ ടോൾഫ്രീ നമ്പറും കണ്‍ട്രോള്‍ റൂം നമ്പറും പ്ലക്കാര്‍ഡുകളായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഡോക്ടർമാരും സൈക്യാട്രി കൗൺസിലർമാരും ആണ് നാടകത്തിലെ വിവിധ രംഗങ്ങളിൽ വേഷമിടുന്നത്. ഡോക്ടർ ഇന്ദു ഇന്ദു, പ്രോജക്ട് ഓഫീസർ മീര, കൗൺസിലർമാരായ ജേക്കബ് സനിൽ മെറ്റിൽഡ നീലിമ തുടങ്ങിയവര്‍ രംഗത്തെത്തുന്നുണ്ട്. റെയിൽവേ ആരോഗ്യ വിഭാഗത്തിലെ ഡോ. ടോബിന്‍ കെ ഡോമിനിക് , റെയിൽവേ ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ സിന്ധു എന്നിവരും പരിപാടിക്ക് സന്നിഹിതരായി. കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡ്, ബീച്ച് എന്നിവിടങ്ങളിലും തെരുവ് നാടകം അരങ്ങേറി.

 

date