Skip to main content

ലഹരിക്കെതിരെ ബൈക്കത്തോണ്‍(ബൈക്ക് റാലി) സംഘടിപ്പിച്ചു

വിമുക്തി യുടെ ആഭിമുഖ്യത്തില്‍ മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപഭോഗത്തിനെതിരെ തിരുവല്ല താലൂക്കിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് തിരുവല്ല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന ബൈക്കത്തോണ്‍ ബൈക്ക് റാലി തിരുവല്ല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.സജീവ് ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവല്ല റവന്യൂ ടവറില്‍ നിന്നും ആരംഭിച്ച റാലി കാവുംഭാഗം, പൊടിയാടി, നിരണം, പെരിങ്ങര, മുത്തൂര്‍, കുറ്റപ്പുഴ, കിഴക്കന്‍മുത്തൂര്‍, കവിയൂര്‍, തോട്ടഭാഗം, വള്ളംകുളം, ഇരവിപേരൂര്‍, കുമ്പനാട്, പഴയകാവ്, ഓതറ, കുറ്റൂര്‍ എന്നീ ഭാഗങ്ങളില്‍ സഞ്ചരിച്ച് തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ അവസാനിച്ചു.  

 

എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബോധവത്ക്കരണ സന്ദേശം നല്‍കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി നാടന്‍പ്പാട്ട് അവതരിപ്പിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.സജീവ്, എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ.സെബാസ്റ്റ്യന്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. തിരുവല്ല മാര്‍ത്തോമ കോളേജ്,  മാക്ഫാസ്റ്റ് കോളേജ്, തുകലശ്ശേരി, പരുമല ഡി.ബി പമ്പ കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. നാളത്തെ കേരളം ലഹരിമുക്ത നവ കേരളം എന്ന പേരിലുള്ള 90 ദിന തീവ്രയത്‌ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് ബൈക്കത്തോണ്‍ സംഘടിപ്പിച്ചത്.

 

ഫോട്ടോ അടിക്കുറുപ്പ്: ഫ്‌ളാഗ് ഓഫ്: -വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ കോളേജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് നടന്ന ബൈക്കത്തോണ്‍ ബൈക്ക് റാലി തിരുവല്ല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.സജീവ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. 

date