Skip to main content

കാർഷിക യന്ത്ര പരിരക്ഷണ യജ്ഞത്തിന് തുടക്കം

ആലപ്പുഴ:  കേരള സംസ്ഥാന കാർഷിക യന്ത്രവത്ക്കരണ മിഷനും കൃഷി വകുപ്പ് എൻജിനീയറിങ് വിഭാഗവും ചേർന്ന് നടപ്പാക്കുന്ന കാർഷിക യന്ത്ര പരിരക്ഷണ യജ്ഞത്തിന് ജില്ലയിലെ അസിസ്റ്റന്റ് എക്‌സി. എൻജിനീയർ(കൃഷി) കാര്യാലയത്തിൽ തുടക്കമായി. കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികളും പ്രവൃത്തി പരിചയ പരിശീലനവുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലയിലെ എട്ട് അഗ്രോ സർവ്വീസ് സെന്ററിൽ നിന്നും നാല് കാർഷിക കർമ്മ സേനകളിൽ നിന്നും തിരഞ്ഞെടുത്ത 20 പേർക്ക് 12 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചത്.  ഉപയോഗശൂന്യമായിരുന്ന കാർഷിക യന്ത്രങ്ങൾ പ്രവർത്തന സജ്ജമാക്കി കാർഷിക കർമ്മ സേനകൾക്കും കാർഷിക സേവന കേന്ദ്രങ്ങൾക്കും കൈമാറുകയാണ് പരിപാടിയിലൂടെ ചെയ്യുന്നത്. ജില്ല ആത്മ പ്രോജക്ട് ഡയറക്ടർ  ലക്ഷ്മി എം.എൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. മിഷൻ സി.ഇ.ഒ ഡോ. ജയകുമാറിന്റെ നേതൃത്വത്തിൽ പ്രോജക്ട് എൻജിനീയർ, രണ്ട് സീനിയർ മാസ്റ്റർ ട്രെയിനർമാർ രണ്ട് കാർഷിക മെക്കാനിക്ക് ട്രെയിനിർമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

 

date