Skip to main content
സ്ത്രീസുരക്ഷാ വര്‍ഷാചരണത്തിന്റെ ഭാഗമായി പോലീസ് വകുപ്പ് സംഘടിപ്പിച്ച ബഹുജന ബോധവത്ക്കരണ പരിപാടിയുടെ വിളംബരജാഥ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്യുന്നു.

സ്ത്രീസുരക്ഷാ വര്‍ഷാചരണം: വാളയാറില്‍ വിളംബരജാഥ നടത്തി

 

സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമം തടയുക എന്ന ലക്ഷ്യത്തോടെ പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാളയാറില്‍ സംഘടിപ്പിച്ച ബഹുജന ബോധവത്ക്കരണ പരിപാടിയുടെ വിളംബരജാഥ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതില്‍ കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പൗരന്മാരും പങ്കാളികളായാല്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ കേരളം ലോകത്തിന് മാതൃകയാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

2020 സ്ത്രീ സുരക്ഷാ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള പോലീസിന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം തെരുവുനാടകങ്ങള്‍, വിളംബര ജാഥകള്‍, ബോധവത്ക്കരണ ക്ലാസുകള്‍ എന്നിവ നടത്തും. സ്ത്രീ സുരക്ഷ, സ്വാതന്ത്ര്യം എന്നീ ആശയങ്ങള്‍ ഉയര്‍ത്തുന്ന ചിത്രങ്ങളും മാതൃകകളും പ്രദര്‍ശിപ്പിക്കുന്ന വാഹനവും ജില്ലയില്‍ മാര്‍ച്ച് 31 വരെ വിവിധ പോലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തില്‍ പര്യടനം നടത്തും.  

കഞ്ചിക്കോട് ആശുപത്രിപ്പടിയില്‍ നിന്നും ആരംഭിച്ച വിളംബര ജാഥയില്‍ 300 ലധികം പേര്‍ പങ്കെടുത്തു. വിളംബരജാഥ സത്രപടിയില്‍ സമാപിച്ചു. കുട്ടികള്‍ മെഴുകുതിരി തെളിയിച്ച്  പ്രതിജ്ഞ ചൊല്ലി. പോലീസ് ഇന്‍സ്‌പെക്ടര്‍ യൂസഫ് നടുത്തറമ്മേല്‍ അധ്യക്ഷനായി. എസ്.ഐ ജി.ബി. ശ്യാംകുമാര്‍, ജാഗ്രത സമിതി അംഗം ജഗദമ്മ എന്നിവര്‍ സംസാരിച്ചു. ജനമൈത്രി ജാഗ്രത സമിതി അംഗങ്ങള്‍, സ്റ്റുഡന്‌സ് പോലീസ് കേഡറ്റ്‌സ്, കഞ്ചിക്കോട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍, എട്ടിമട അമൃത കോളേജിലെ എം എസ് ഡബ്ല്യു വിദ്യാര്‍ഥികള്‍, പുതുര്‍ പ്രദേശത്തെ കുടുംബശ്രീ അംഗങ്ങള്‍, കഞ്ചിക്കോടിലെ വ്യാപാരി വ്യവസായികള്‍ എന്നിവര്‍ പങ്കെടുത്തു. വാളയാര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ വിളംബരജാഥയ്ക്ക്  നേതൃത്വം നല്‍കി.

date