Skip to main content

സൗജന്യ തുണി സഞ്ചികളുമായി വണ്ടൂര്‍ സാക്ഷരത മിഷനിലെ പഠിതാക്കള്‍

തുല്യത പഠനത്തോടൊപ്പം പ്ലാസ്റ്റിക് വിരുദ്ധ  പ്രവര്‍ത്തനങ്ങളിലും സജീവമാകുകയാണ് വണ്ടൂര്‍ സാക്ഷരത മിഷനിലെ പഠിതാക്കള്‍. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും സാക്ഷരത മിഷന്റെയും നേതൃത്വത്തില്‍ സൗജന്യമായി തുണി സഞ്ചികള്‍ തയ്ച്ചു നല്‍കിയാണ് ഇവര്‍ മാതൃകയായത്. പ്ലാസ്റ്റിക്  കവറുകള്‍ക്ക് പകരം വയ്ക്കാന്‍ തുണി സഞ്ചിയല്ലാതെ മറ്റൊന്നില്ലെന്ന തിരിച്ചറിവാണ് പൊതുജനങ്ങള്‍ക്ക് സൗജന്യമായി തുണി സഞ്ചികള്‍ തയ്ച്ചു നല്‍കാന്‍ ഇവര്‍ക്ക് പ്രേരണയായത്.  സാക്ഷരതാ മിഷന് കീഴില്‍ തൊഴില്‍ പരിശീലനം നേടിയ 17 പേരാണ് പഞ്ചായത്ത് മണലിമ്മല്‍ ബസ്സ്റ്റാന്‍ഡിന് സമീപം തയ്യാറാക്കിയ കേന്ദ്രത്തില്‍ സഞ്ചികള്‍ തയ്ച്ചു നല്‍കിയത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ 350 ഓളം തുണി സഞ്ചികളാണ് വിതരണം ചെയ്തത്. പുതിയ തുണികളും  വൃത്തിയുള്ള പഴയ തുണികളുമായി എത്തി നിരവധി  പേരാണ് ഇവരുടെ സേവനം ഉപയോഗപ്പെടുത്തിയത്. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാജിദ അധ്യക്ഷയായിരുന്നു.
 

date