Skip to main content

എറണാകുളം അറിയിപ്പുകള്‍

അറിയിപ്പുകള്‍

 

 

ജില്ലാ പഞ്ചായത്തിന്റെ ഗ്രാമസഭാ യോഗം 14-ന്

കൊച്ചി: ജില്ലാ പഞ്ചായത്തിന്റെ  2020-21 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടത്തുന്ന ഗ്രാമസഭാ യോഗം ഫെബ്രുവരി 14-ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ ചേരും. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്

2019 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തി

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2019 വര്‍ഷത്തെ ഒറ്റത്തവണ സ്‌കോളര്‍ഷിപ്, വിദ്യാഭ്യാസ അവാര്‍ഡ് എന്നിവ കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഫെബ്രുവരി ആറിന് നടത്തി. കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ.ആര്‍.പ്രേമകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമനിധി ബോര്‍ഡ് അംഗം ടി.ബി.സുബൈര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ പി.ക്രിസ്റ്റഫര്‍, വിവിധ ട്രേഡ് യൂണിയനിലെ പ്രമുഖ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

 

അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍

കോഴ്‌സുകള്‍ക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം

കൊച്ചി: സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളം എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ് (ആറ് മാസം) ഡിപ്ലോമ(ഒരു വര്‍ഷം) കോഴ്‌സുകളുടെ 2020 ബാച്ചിലേക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം.

ഔഷധ രഹിത ചികിത്സാ സമ്പ്രദായമായ അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളുടെ വിശദാംശങ്ങള്‍ wwws.rccc.in

വെബ്‌സൈറ്റിലും ലഭ്യമാണ്. അതതു ജില്ലകളിലെ സ്റ്റഡി സെന്ററുകളില്‍  കോണ്ടാക്ട് ക്ലാസുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2325101, 9446323871.

 

ഈ മാസത്തെ റേഷന്‍ വിഹിതം

കൊച്ചി: ജില്ലയില്‍ ഫെബ്രുവരി വിതരണം നടത്തുന്നതിന് വിവിധ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി പറയും പ്രകാരം റേഷന്‍ സാധനങ്ങള്‍ ലഭ്യമാകും.

അന്ത്യോദയ അന്നയോജന വിഭാഗത്തിന് കാര്‍ഡ് ഒന്നിന് 30 കി.ഗ്രാം അരിയും അഞ്ച് കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.

മുന്‍ഗണനവിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും കിലോഗ്രാമിന് രണ്ട്  രൂപ നിരക്കില്‍ ലഭിക്കും.

മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തിന് നാല് രൂപ നിരക്കില്‍ ഓരോ അംഗത്തിനും രണ്ട് കി.ഗ്രാം അരി വീതം ലഭിക്കും. കൂടാതെ ഓരോ കാര്‍ഡിനും രണ്ട് അല്ലെങ്കില്‍ ഒരുകി.ഗ്രം ഫോര്‍ട്ടിഫൈഡ് ആട്ട (ലഭ്യതയനുസരിച്ച്) കി.ഗ്രാമിന് 17 രൂപ നിരക്കില്‍ ലഭിക്കും.

മുന്‍ഗണനേതര നോണ്‍ സബ്‌സിഡി വിഭാഗത്തിന് കാര്‍ഡിന് രണ്ട് കി.ഗ്രാം അരി കി.ഗ്രാമിന് 10.90 രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ ഓരോ കാര്‍ഡിനും രണ്ട് അല്ലെങ്കില്‍ ഒരു കി.ഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട (ലഭ്യതയനുസരിച്ച്) കി.ഗ്രാമിന് 17 രൂപ നിരക്കില്‍ ലഭിക്കും.

ജില്ലയിലെ വൈദ്യുതീകരിച്ച വീടുളള കാര്‍ഡ് ഉടമകള്‍ക്ക് അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡ് ഉടമകള്‍ക്ക് നാല് ലിറ്റര്‍ വീതവും ലിറ്ററിന് 40 രൂപ നിരക്കില്‍ മണ്ണെണ്ണ ലഭിക്കും.

റേഷന്‍ സാധനങ്ങളുടെ വിതരണം എല്ലാ റേഷന്‍ കടകളില്‍ നിന്നും ആരംഭിച്ചു. വിതരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസിലും ജില്ലാ സപ്ലൈ ഓഫീസിലും അറിയാം.

 

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ പ്രവേശനത്തിനായി മത്സരപ്പരീക്ഷയ്ക്ക് പങ്കെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: പട്ടികജാതി/പട്ടികവര്‍ഗ്ഗ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളുകളില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ അഞ്ച്, ആറ് ക്ലാസ്സുകളില്‍ പ്രവേശനം നേടുന്നതിനുള്ള മത്സരപ്പരീക്ഷയ്ക്ക് പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരും പഠനത്തില്‍ സമര്‍ത്ഥരുമായ പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റു സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കള്‍ മുഖേന അപേക്ഷ നല്‍കാവുന്നതാണ്. ആറാം ക്ലാസ്സിലേയ്ക്കുള്ള പ്രവേശനത്തിന് പട്ടികവര്‍ഗ്ഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.

അപേക്ഷാഫോറം ആലുവ, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്സുകള്‍, മൂവാറ്റുപുഴ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ്സ്, എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസ്സ് എന്നിവിടങ്ങളില്‍ നിന്ന് സൗജന്യമായി ലഭിക്കും. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജനനത്തീയതി, പഠിക്കുന്ന ക്ലാസ്, സ്‌ക്കൂള്‍ എന്നിവ തെളിയിക്കുന്നതിനുള്ള സ്‌ക്കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഉള്ളടക്കം ചെയ്യേണ്ടതാണ്.

പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ 2019-20 വര്‍ഷം നാല്, അഞ്ച് ക്ലാസ്സുകളില്‍ പഠിക്കുന്നവരായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 15-ന്  മുമ്പായി ജില്ലാ പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി.ഒ., മൂവാറ്റുപുഴ/ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ആലുവ/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഇടമലയാര്‍ എന്നീ ഓഫീസ്സുകളില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. പൂര്‍ണ്ണതയില്ലാത്തതും ആവശ്യമായ രേഖകള്‍ ഉള്‍ക്കൊള്ളിക്കാത്തതും സമയപരിധി കഴിഞ്ഞ് ലഭിക്കുന്നതുമായ അപേക്ഷകള്‍ നിരസിക്കുന്നതാണ്.

 

പാല്‍ ഉപഭോക്തൃ മുഖാമുഖവും സെമിനാറും നടത്തി

കൊച്ചി: ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിനുളള വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനോടൊപ്പം പാലിന്റെ ഗുണമേന്മò ഉറപ്പുവരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് പുതിയ പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുള്‍ð മുത്തലിബ് പറഞ്ഞു. ക്ഷീരവികസന വകുപ്പും ഗുണനിയന്ത്രണ വിഭാഗവും കാക്കനാട് സംഘടിപ്പിച്ച പാല്‍ð ഉപഭോക്തൃ മുഖാമുഖവും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ താരാ ഗോപാലിന്റെ ഗുണനിലവാരം സംബന്ധിച്ച വിഷയം അവതരിപ്പിച്ചു. ടെക്‌നിക്കല്‍ð അസിസ്റ്റന്റ് അബ്ദുള്‍ കബീര്‍ ഉപഭോക്താക്കള്‍ അറിയേണ്ടï വിഷയങ്ങള്‍ സംബന്ധിച്ച് ക്‌ളാസ് എടുത്തു. ലാബ് ടെക്‌നീഷ്യന്‍ സി.എന്‍. ഉഷാകുമാരി പാല്‍ð പരിശോധന ഡെമോണ്‍സ്‌ട്രേഷന്‍ നടത്തി. ക്ഷീരവികസന ഓഫീസര്‍ എന്‍.ജയചന്ദ്രന്‍ കൃതജ്ഞത രേഖപ്പെടുത്തി.

 

ഐ.എച്ച്.ആര്‍.ഡി  വിവിധ കോഴ്‌സുകളുടെ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി  ഡിസംബറില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ)/ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ആട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ)/ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) എന്നീ കോഴ്‌സുകളുടെ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാല്‍ അറിയാവുന്നതാണ്. കൂടാതെ ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റിലും (www.ihrd.ac.in) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 26 വരെ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ പിഴ കൂടാതെയും ഫെബ്രുവരി 29 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം. ജൂണ്‍ 2020 ലെ 2018 സ്‌കിം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷകള്‍ മാര്‍ച്ച് 16- ന് മുമ്പായും 200 രൂപ ലേറ്റ് ഫീയോടുകൂടി മാര്‍ച്ച് 18 വരെയും അതാത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കേണ്ടതാണ്. നിര്‍ദ്ദിഷ്ട തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

date