Skip to main content

ദുരന്ത രക്ഷാപ്രവർത്തനം: ഗുരുവായൂരിൽ സിവിൽ ഡിഫെൻസ് സേന

ദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനം കൂടുതൽ എളുപ്പമാക്കാൻ ഗുരുവായൂർ സിവിൽ ഡിഫെൻസ് സേന ഒരുങ്ങി. ഗുരുവായൂർ ഫയർ സ്റ്റേഷന് കീഴിൽ മുപ്പത് പേരാണ് പരിശീലന ക്ലാസ് പൂർത്തിയാക്കിയത്. മുൻ വർഷങ്ങളിൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് സിവിൽ ഡിഫെൻസ് സേന രൂപീകരിക്കാൻ കേരള സർക്കാർ തീരുമാനിച്ചത്. അതിനായി സേവന തല്പരരായ സാധാരണക്കാർക്ക് രക്ഷാപ്രവർത്തന പരിശീലനം നൽകാൻ ഫയർ ഫോഴ്സിനെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ മൊത്തം ഫയർ ഫോഴ്സ് സ്റ്റേഷനുകളുടെ പരിധിയിൽ സിവിൽ ഡിഫെൻസ് സേനയെ സജ്ജരാക്കുന്നതിന്റെ ഭാഗമായി ഗുരുവായൂർ ഫയർ സ്റ്റേഷനിലും പരിശീലനം നടത്തി. ഫയർ ആൻഡ് റസ്‌ക്യു ഉദ്യോഗസ്ഥരായ അജിത്ത്, റഷീദ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
സിപിആർ നൽകുക, പലതരം കെട്ടുകൾ, ഒടിവുകൾക്കും ചതവിനും ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകൾ, തീപൊള്ളലിൽ ചെയ്യേണ്ടത്, കെട്ടിടം തകർന്നാലും പ്രളയം വന്നാലും ഉടൻ സ്വീകരിക്കേണ്ട നടപടികൾ എന്നിങ്ങനെയുള്ള ക്ലാസ്സുകൾ സിവിൽ ഡിഫെൻസിന് നൽകി. ഒപ്പം ഫയർ ഫോഴ്‌സിന്റെ വിവിധ ഉപകരണങ്ങളുടെ പ്രവർത്തന രീതിയും സേന അംഗങ്ങൾക്ക് പരിചയപ്പെടുത്തി. ജില്ലാ തലത്തിൽ തൃശ്ശൂരിലെ ഫയർ ആൻഡ് റെസ്‌ക്യൂ അക്കാദമിയിലും പിന്നീട് സംസ്ഥാന തലത്തിലും ഈ ജനകീയ രക്ഷാസേനയ്ക്ക് പരിശീലനം നൽകും.

date