Skip to main content

നിലയ്ക്കല്‍ ഗോശാല ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള നിലയ്ക്കല്‍ ഗോശാലയില്‍ പശുക്കള്‍ ചത്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ പി.ടി ഏബ്രഹാമിന്റെ നേതൃത്വത്തില്‍ റവന്യു-ദേവസ്വം വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ദേവസ്വം ബോര്‍ഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥസംഘം നിലയ്ക്കല്‍ ഗോശാലയില്‍ പരിശോധന നടത്തി. 16 പശുക്കളും എട്ട് കാളകളും 12 കിടാക്കളും ഉള്‍പ്പെടെ 36 കാലികളാണ് ഗോശാലയിലുള്ളത്. ഇതില്‍ രണ്ടു പശുക്കളും ഒരു കിടാവും അസുഖമുള്ളവയാണെന്ന് പരിശോധനയില്‍ കണ്ടെത്തി. മാസം തികയാതെ പ്രസവിച്ചതാണ് അസുഖമുള്ള കിടാവ് . രോഗമുള്ള പശുക്കള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സംഘം നിര്‍ദേശിച്ചു. 
നിലവില്‍ ഗുരുതരമായ സ്ഥിതി വിശേഷം ഗോശാലയില്‍ ഇല്ലെന്ന് സംഘം വിലയിരുത്തി. 
    പൂര്‍ണവളര്‍ച്ച എത്തിയ കാലികള്‍ക്ക് മൂന്നു കിലോഗ്രാം നിരക്കില്‍ സാന്ദ്രീകൃത തീറ്റ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. എല്ലാ വര്‍ഷവും നവംബര്‍ ഒന്നു മുതല്‍ ജനുവരി 20 വരെയുള്ള കാലയളവില്‍ കാലികളെ മേയാന്‍ വിടാന്‍ കഴിയാത്ത സാഹചര്യത്തില്‍ പുല്ലിന്റേയും വൈക്കോലിന്റേയും ലഭ്യത ദേവസ്വം ബോര്‍ഡ് ഉറപ്പുവരുത്തണം. ഗോശാലയില്‍ നിലവില്‍ രണ്ട് താല്‍ക്കാലിക ജീവനക്കാരും ഒരു സൂപ്പര്‍വൈസറുമാണ് ഉള്ളത്. സൂപ്പര്‍വൈസര്‍ക്ക് അധിക ചുമതലയുള്ളതിനാല്‍ പൂര്‍ണ സമയ സേവനം ഗോശാലയില്‍ ലഭ്യമാക്കുവാന്‍ കഴിയുന്നില്ല. ഇത് ഒഴിവാക്കുന്നതിന് താല്‍ക്കാലിക ജീവനക്കാരുടേയും സൂപ്പര്‍വൈസറുടേയും സേവനം പൂര്‍ണസമയം ഗോശാലയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കണമെന്നും സംഘം നിര്‍ദേശിച്ചു. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ഇ.രാജു, റവന്യു-ദേവസ്വം വകുപ്പിലെ സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് ബി. അജയകുമാര്‍, ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം.ജി. ഗോപിനാഥന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 
 

date