Skip to main content

ആറ്റുകാല്‍ പൊങ്കാല: ഒരുക്കങ്ങള്‍ വിലയിരുത്തി

 

    ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുന്ന തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ആറ്റുകാല്‍ കാര്‍ത്തിയ ഓഡിറ്റോറിയത്തില്‍ യോഗം ചേര്‍ന്നു. വിവിധ വകുപ്പുകളും തിരുവനന്തപുരം നഗരസഭയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുകയാണെന്ന് മന്ത്രി പറഞ്ഞു. റോഡ് നവീകരണം, വഴിവിളക്കുകള്‍, അടിയന്തരഘട്ടങ്ങളിലെ ചികിത്സ, ആംബുലന്‍സ്, ഭക്ഷ്യ സുരക്ഷ, കുടിവെള്ളം, വാഹനപാര്‍ക്കിംഗ്, ഇ-ടോയ്‌ലറ്റ് എന്നിവയെല്ലാം സജ്ജമായിരിക്കും. സുരക്ഷക്ക് വിപുലമായ പോലീസ് സംവിധാനമുണ്ടാകും. നിരീക്ഷണക്യാമറകള്‍ പ്രധാന ഭാഗങ്ങളിലെല്ലാം ഉണ്ടാകും. പൊങ്കാലക്കു ശേഷമുള്ള നഗരശുചീകരണത്തിന് നഗരസഭ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി മേയര്‍ കെ.ശ്രീകുമാര്‍ പറഞ്ഞു. ഇതിന് 1,500 താല്‍ക്കാലിക ജീവനക്കാരെ കൂടി നിയോഗിച്ചിട്ടുണ്ട്. നഗരസഭയുടെ വാഹനങ്ങള്‍ക്കു പുറമേ കരാടിസ്ഥാനത്തില്‍ ആവശ്യമായ വാഹനങ്ങള്‍ ഏര്‍പ്പാടാക്കും. ഗ്രീന്‍പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കണം. പൊങ്കാല ദിവസം ഡ്രൈഡേ ആയി ആചരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. റെയില്‍വേയും കെ.എസ്.ആര്‍.ടിസിയും സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തും. ഡോ.ശശിതരൂര്‍ എം.പി., വി.എസ്.ശിവകുമാര്‍ എം.എല്‍.എ., സിറ്റി പോലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ, ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
     (പി.ആര്‍.പി. 122/2020)

date