Skip to main content

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് നടപ്പു വർഷം 21,000 കോടി രൂപ നൽകും : മന്ത്രി എ സി മൊയ്തീൻ

വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനായി നടപ്പു സാമ്പത്തിക വർഷത്തിൽ സ്വയംഭരണസ്ഥാപനങ്ങൾക്ക് 21,000 കോടി രൂപ നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. തൃശൂർ ടൗൺഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ സംസ്ഥാന മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ റിസർജന്റ് കേരള ലോൺ സ്‌കീം (ആർകെഎൽഎസ്) പ്രകാരം പ്രളയബാധിതരുടെ വായ്പകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പലിശയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയാനന്തര പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഏറെ സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് മുൻതൂക്കം നൽകാനായി എന്നും മന്ത്രി വ്യക്തമാക്കി. ഈയിനത്തിൽ 6000 കോടി രൂപയാണ് കേന്ദ്രസർക്കാർ അവരുടെ വിഹിതത്തിൽ നിന്ന് വെട്ടിക്കുറച്ചത്. എന്നാൽ അത് അർഹരായവർക്ക് പ്രളയാനുകൂല്യം നൽകുന്നതിന് തടസ്സം ഉണ്ടാക്കിയിട്ടില്ലെന്നും കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങൾ പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് മാതൃകയായിയെന്നും മന്ത്രി പറഞ്ഞു.
ചെറുകിട സംരംഭങ്ങളെ വളർത്തികൊണ്ടുവരാനുള്ള സാധ്യത സംസ്ഥാന സർക്കാർ ഇനിയും കണ്ടെത്തും. കുടുംബശ്രീയെ ഇനിയും വരുമാനം വർധിപ്പിക്കുന്ന രീതിയിലേക്ക് മാറ്റും. ഇതിന്റെ ഭാഗമായി ബജറ്റിൽ 1000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ ഷീ ലോഡ്ജ്, ഔട്ട് ലെറ്റുകൾ, പെട്രോൾ പമ്പ് കേന്ദ്രീകരിച്ചുള്ള ടോയ്‌ലറ്റുകൾ എന്നിവ സജ്ജമാക്കി കൂടുതൽ പേർക്ക് തൊഴിലുകൾ നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് പഞ്ചായത്ത് തലത്തിൽ സ്ഥലം പാട്ടത്തിനെടുത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരു കോടി വൃക്ഷത്തൈ വച്ചുപിടിപ്പിക്കും. 2000 ഔട്ട്‌ലെറ്റുകളിലായി കുടുംബശ്രീ ചിക്കൻ പദ്ധതി നടപ്പിലാക്കും. ഇതോടൊപ്പം കോഴി വളർത്തൽ പദ്ധതിയും ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശൻ, ജില്ലാ കളക്ടർ എസ് ഷാനവാസ്, നഗരസഭ ചെയർമാൻമാരായ കെ ആർ ജൈത്രൻ, ജയന്തി പ്രവീൺ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി എ മനോജ് കുമാർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ കെ സതീശൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ദീപ എസ് നായർ, എൽ ഡി എം കെ കെ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ സംസ്ഥാന മിഷൻ ഡയറക്ടർ ആശ വർഗീസ് സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ നന്ദിയും പറഞ്ഞു.
ആർകെഎൽഎസ് പദ്ധതി പ്രകാരം അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കിയ വായ്പയുടെ തിരിച്ചടവ് മാർച്ച് 31 വരെയുള്ള പലിശയായ 131.18 കോടി രൂപയാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിച്ച തുകയാണിത്. 1,95,514 അയൽക്കൂട്ടങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. ജില്ലയിലെ എട്ട് സി ഡി എസുകൾക്ക് തുക വിതരണം ചെയ്താണ് മന്ത്രി സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചത്. കൊടുങ്ങല്ലൂർ സി ഡി എസ് -1 ആണ് ഏറ്റവും കൂടുതൽ വായ്പ ലഭ്യമാക്കിയിട്ടുള്ളത്. 17.40 കോടി രൂപ. ഈ സി ഡി എസിനാണ് ഏറ്റവും കൂടുതൽ പലിശ വിഹിതം ലഭിച്ചിട്ടുള്ളത്. 1,57,89,177 രൂപ. മറ്റു സി ഡി എസുകളായ പറപ്പൂക്കര (15593100 കോടി), എടത്തിരുത്തി (11471034 കോടി), കാടുകുറ്റി (11049171 കോടി), വരന്തരപ്പിള്ളി (10602194 കോടി), മണലൂർ (10498920 കോടി), പടിയൂർ (10466274 കോടി), ചാലക്കുടി (10045649 കോടി) എന്നിവയ്ക്കും പലിശ വിഹിതം ലഭിച്ചു.

date