Skip to main content

വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം - എന്‍ കെ പ്രേമചന്ദ്രന്‍ എം പി

പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുളള വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു. കലക്‌ട്രേറ്റില്‍ നടന്ന തന്റെ പ്രാദേശിക വികസന ഫണ്ട് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികളുടെ  എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലും   കൃത്യമായ നിര്‍വഹണത്തിലും അതത് സാമ്പത്തിക വര്‍ഷത്തെ ഫണ്ട്  വിനിയോഗത്തിലും ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പതിനാറാം ലോകസഭയില്‍ ലഭിച്ച തുകയുടെ 99.85 ശതമാനവും വിനിയോഗിച്ചതായും 487 പ്രവൃത്തികളില്‍ 453 എണ്ണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും എം പി പറഞ്ഞു.  34 പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. പതിനേഴാം ലോകസഭയുടെ കാലയളവില്‍ 775.15 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശം സമര്‍പ്പിച്ചതില്‍ 45 എണ്ണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പായി കൊല്ലം ലോകസഭാ മണ്ഡലത്തിലെ വിവിധ സ്‌ക്കൂളുകള്‍ക്കായി എം പിയുടെ വികസന ഫണ്ട് വിനിയോഗിച്ചു  75 കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്യുമെന്ന് എം പി  അറിയിച്ചു.
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ  സാന്നിധ്യത്തില്‍ നടന്ന അവലോകനത്തില്‍   ജില്ലാ പ്ലാനിംഗ് ആഫീസര്‍ പി ഷാജി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍,  ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍, ബ്ലോക്ക് തല എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date