Skip to main content

സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴിയില്‍പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു - വനിതാ കമ്മീഷന്‍

ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെ സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴിയില്‍പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തിലാണ് കമ്മീഷന്റെ പരാമര്‍ശം.
അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം ജീവിതമൂല്യങ്ങള്‍ കൂടി പെണ്‍കുട്ടികള്‍ സ്വായത്തമാക്കണം. സാമൂഹ്യ മാധ്യമങ്ങളോടുള്ള അമിത താത്പര്യം പെണ്‍കുട്ടികളെ പലപ്പോഴും ചതിക്കുഴിയിലെത്തിക്കും. ഇത്തരത്തില്‍  ചതിയില്‍പ്പെട്ട് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയുടെ പരാതി അദാലത്തില്‍ പരിഗണിക്കുകയുണ്ടായി.
പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ഥിനി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവ് സൗഹൃദം ദുരുപയോഗം ചെയ്യുകയും തുടര്‍ന്ന്  വീട്ടില്‍ കയറി ആക്രമിക്കുകയും ചെയ്തു.  കമ്മീഷന് പുറമേ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍  ഡി ജി പി ക്കും പരാതി നല്‍കിയിട്ടുണ്ട്. പോലീസ് വകുപ്പില്‍ നിന്നുള്ള അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട്  ലഭിച്ചയുടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
കുടുംബ പ്രശ്‌നങ്ങള്‍,  വഴിതര്‍ക്കം, സ്വത്ത് തര്‍ക്കം തുടങ്ങിയ പരാതികളും പരിഗണിച്ചു. സ്വകാര്യ ബാങ്കുകള്‍ക്കെതിരെയുള്ള പരാതികള്‍ വര്‍ധിച്ചു വരികയാണെന്നും കമ്മീഷന്‍ ഇക്കാര്യം ഗൗരവമായി കാണുന്നുവെന്നും പറഞ്ഞു.
അദാലത്തില്‍ 76 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. 64 പരാതികള്‍ അടുത്ത അദാലത്തിലേക്കും ഒരെണ്ണം റിപ്പോര്‍ട്ട് തേടുന്നതിനുമായി മാറ്റി.
കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍, അംഗങ്ങളായ ഡോ ഷാഹിദ കമാല്‍, അഡ്വ എം എസ് താര, ഇ എം രാധ, കമ്മീഷന്‍ സി ഐ എം സുരേഷ് കുമാര്‍, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.

date