Skip to main content

സാമൂഹ്യ സുരക്ഷയ്‌ക്കൊപ്പം  തൊഴിലാളികള്‍ക്ക് ആരോഗ്യ സുരക്ഷയും - മന്ത്രി ടി പി രാമകൃഷ്ണന്‍

സാമൂഹ്യസുരക്ഷക്ക്  ഒപ്പംതന്നെ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്തുകയാണ്  സര്‍ക്കാരിന്റെ  ലക്ഷ്യമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി    ടി പി രാമകൃഷ്ണന്‍. കടമ്പനാട് ഇ എസ് ഐ ഡിസ്‌പെന്‍സറിയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ എസ് ഐ ആശുപത്രികളിലൂടെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭ്യമാക്കും. ആശുപത്രിയില്‍  കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇ എസ് ഐ ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും അടിയന്തര ഘട്ടത്തില്‍ ചികിത്സ നല്‍കാനുള്ള സൗകര്യം ചെയ്യുമെന്നും  കടമ്പനാട് ഇ എസ് ഐ യുടെ  പേര് കുന്നത്തൂര്‍ ഇ എസ് ഐ എന്നാക്കാന്‍ ആവശ്യമായ  നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
ഇ എസ് ഐ യ്ക്ക് സ്വന്തമായുള്ള രണ്ടര ഏക്കര്‍ സ്ഥലത്ത് 2.5 കോടി  രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഒരു ഹോമിയോ ഡോക്ടര്‍ ഉള്‍പ്പെടെ നാല് ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭിക്കും. വാടക കെട്ടിടത്തിലാണ് ഇതുവരെ  ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്.
കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്   ബി   അരുണാമണി, കുന്നത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂര്‍ പ്രസാദ്, വാര്‍ഡ് മെമ്പര്‍ ഒ രേണുക, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പ് ഡയറക്ടര്‍ ഡോ എം എസ് ഗീതാദേവി, ദക്ഷിണ മേഖല റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ ആര്‍ ഇ ഗ്ലാസ്റ്റിന്‍, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളായ എന്‍ അഴകേശന്‍, പി കെ മുരളീധരന്‍ നായര്‍, ഇടമനശ്ശേരി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date