Skip to main content

കൈനാട്ടിയുടെ കുരുക്കഴിയും 1.29 കോടി രൂപ ചെലവില്‍ നവീകരണം

   കോഴിക്കോട് കൊല്ലഗല്‍ ദേശീയപാത 766 ലെ കൈനാട്ടി ജംഗക്ഷന്‍ നവീകരണത്തിന് വഴിയൊരുങ്ങി. ദേശീയ പാതയിലെ വയനാട്ടില്‍ ഉള്‍പ്പടുന്ന ഭാഗത്തെ ഏറ്റവും വലിയ ഗതാഗതക്കുരുക്കിന് ഇതോടെ അയവാകും. കേരള റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്ന് 1.29 കോടി രൂപ ചെലവിട്ടാണ് പൊതുമരാമത്ത് ദേശീയപാത വീഭാഗം ജംഗഷന്‍ നവീകരണം നടത്തുക. പ്രാഥമിക നടപടികള്‍ തുടങ്ങിയതായി ദേശീയ പാത വിഭാഗം അറിയിച്ചു. നിലവിലെ റോഡ് വീതികൂട്ടിയാണ് നവീകരണം. മഴക്കാലത്ത് വെള്ളം കുത്തിയൊഴുകി കാല്‍ നടയാത്ര പോലും ദുഷ്‌കരമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. കുതിച്ചെത്തുന്ന വെളളം റോഡിലേക്ക് പതിക്കാത്ത വിധം ഒഴുകി പോകുന്ന ഓവു ചാലുകള്‍ ഇതിന്റെ ഭാഗമായി ഇവിടെ നിര്‍മ്മിക്കും. പ്രതിദിനം ഏകദേശം മുപ്പത്തിയറായിരത്തോളം വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നതായി റോഡ് വിഭാഗം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ദേശീയ പാതയില്‍ നിന്നും മാനന്തവാടി റോഡിലേക്ക് തിരിയുന്ന കവല കൂടിയാണിത്. ജനറല്‍ ആസ്പത്രി തുടങ്ങിയ ആരോഗ്യ കേന്ദ്രങ്ങളും ഒട്ടേറെ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഇവിടെ കാല്‍ നടയയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാനുള്ള പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തും. വാഹനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സിഗ്നല്‍ സംവിധാനങ്ങളും ഇവിടെയുണ്ടാകും. ബൈപ്പാസ് ജംഗ്ഷന്‍ വഴി കൂടുതല്‍ വാഹനങ്ങള്‍ കൂടി കടത്തിവിടുന്നതോടെ കല്‍പ്പറ്റ നഗരത്തിലെ ഗതാഗതകുരുക്കിനും ഇതോടെ പരിഹാരമാകും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ ശ്രമവും പദ്ധതിക്ക് വേഗത്തില്‍ അംഗീകാരം ലഭിക്കാന്‍ സഹായകരമായി.ലഭ്യമായ ഫണ്ട് ഉടന്‍ പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന് കൈമാറുമെന്ന് ജില്ലാകളക്ടര്‍ ഡോ.അദീല അബ്ദുളള അറിയിച്ചു.  
 

date