Skip to main content

സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷന്‍ പരിശീലനം ഇന്നു മുതല്‍;തൊഴിലാളികള്‍ക്ക് പങ്കെടുക്കാം

വിദഗ്ധ തൊഴിലാളികള്‍ക്കും അവരുടെ സേവനം ആവശ്യമുള്ളവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പരിശീലന പരിപാടിക്ക് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 14) തുടക്കമാകും.

വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
കോട്ടയം മിനി സിവില്‍ സ്റ്റേഷനില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ഐ സെന്ററില്‍ ഇന്നും നാളെയും (ഫെബ്രുവരി 15) രാവിലെ 11 മുതല്‍ പരിശീലനം നടക്കും.

 ഫെബ്രുവരി 18, 19 തീയതികളില്‍ ഏറ്റുമാനൂര്‍, പെരുവ, പള്ളിക്കത്തോട് സര്‍ക്കാര്‍ ഐ.ടി.ഐകളിലും ചങ്ങനാശേരി വനിതാ ഐ.ടി.ഐയിലും 19ന് വൈക്കം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും പരീശീലനം സംഘടിപ്പിച്ചിട്ടുണ്ട്.  തിരുവാര്‍പ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ 19, 20 തീയതികളില്‍ ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തും.

ഇതിനു പുറമെ ജില്ലയിലെ സര്‍ക്കാര്‍ ഐ.ടി.ഐകളിലും എംപ്ലോയ്മെന്റ് ഓഫീസുകളിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.

ചുവടെ പറയുന്ന വിഭാഗങ്ങളില്‍പെട്ട തൊഴിലാളികള്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.

കാര്‍പ്പെന്റര്‍, പ്ലംബര്‍, ഇലക്ട്രിഷ്യന്‍, പെയിന്റര്‍, ചെറുകിട കണ്‍സ്ട്രക്ഷന്‍ ജോലിക്കാര്‍, കംപോസ്റ്റ് പിറ്റ് നിര്‍മിക്കുന്നവര്‍, റിംഗ് വര്‍ക്കുകാര്‍,  ഗാര്‍ഡനിംഗ്-ലാന്‍ഡ്സ്‌കേപ്പിംഗ് ജോലികള്‍ ചെയ്യുന്നവര്‍, ഗൃഹോ പകരണങ്ങളുടെ അറ്റകുറ്റപ്പണികളും സര്‍വീസിങ്  ചെയ്യുന്നവര്‍, ഡ്രൈവര്‍മാര്‍, വീട്ടു ജോലിക്കാര്‍, ക്ലീനിംഗ് തൊഴിലാളികള്‍,  തെങ്ങുകയറ്റക്കാര്‍, തുണി അലക്കുകയും തേക്കുകയും ചെയ്യുന്നവര്‍, ഡേ കെയറുകള്‍, വീട്ടിലെത്തി കുട്ടികളെ പരിപാലിക്കുന്നവര്‍, ആശുപത്രികളിലും വീടുകളിലും വയോജന പരിപാലനം നടത്തുന്നവര്‍, വീടുകളിലെത്തി പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിക്കുന്നവര്‍, മൊബൈല്‍ ബ്യൂട്ടി പാര്‍ലര്‍ സേവനം നല്‍കുന്നവര്‍.

തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സ് (കേസ്) ആണ് വ്യവസായിക പരിശീലന വകുപ്പിന്റെയും കുടുംബശ്രീയുടെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്

date