Skip to main content

നാട്ടാന പരിപാലന അവലോകന  സമിതിയുടെ യോഗം ചേർന്നു

ആലപ്പുഴ: ഉത്സവകാലത്തോടനുബന്ധിച്ചുള്ള  നാട്ടാനപരിപാലന അവലോകന സമിതിയുടെ യോഗം കളക്ടറേറ്റിൽ നടന്നു.എ.ഡി.എം.  വി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.  ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ഫെൻ ആന്റണി, സീനീയർ  വെറ്ററിനറി സർജെൻ ഡോ. വിമൽ സേവ്യർ,       എലിഫന്റ് ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധി ജി.കൃഷ്ണപ്രസാദ്, , ആനിമൽ വെൽഫയർ ബോർഡ്   പ്രതിനിധി സാലി വർമ്മ. എസ്.പി..സി.എ. പ്രതിനിധി മാരാരിക്കുളം വിജയൻ, ഫെസ്‌ററിവൽ കോ-ഓർഡിനേഷൻ പ്രതിനിധി കെ.ഗോപിനാഥൻ നായർ  തുടങ്ങിയവർ പങ്കെടുത്തു.
യോഗ തീരുമാനങ്ങൾ: 2015 സെപ്റ്റംബർ 28ന്   രജിസ്റ്റർ ചെയ്യാത്ത ക്ഷേത്രങ്ങൾ, ദേവസ്വങ്ങൾ എന്നിവ ഫെബ്രുവരി 20നകം രജിസ്റ്റർ ചെയ്യേണ്ടതാണ്.എഴുന്നള്ളത്ത്  സമയത്ത് ആനകൾ  തമ്മിൽ മതിയായ അകലം പാലിക്കണം.ചൂട് വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ  പകൽ 10 നും  4.00 നും ഇടയ്ക്കുള്ള സമയം ആനയെ എഴുന്നള്ളിക്കുന്നത് പരമാവധി ഒഴിവാക്കണം. ആനകളിൽ നിന്ന് നിശ്ചിത ദൂരം മാത്രമേ (കുറഞ്ഞത് 3 മീറ്റർ) ആളുകൾ നിൽക്കുവാനും സഞ്ചരിക്കുവാനും പാടുള്ളു.  ആനയുമായി മറ്റുള്ളവർ അടുത്തിടപെഴകുന്നത് കർശനമായും വിലക്കേണ്ടതാണ്.പാപ്പാന്മാർ മദ്യപിച്ച് ജോലി ചെയ്യുവാൻ അനുവദിക്കരുത്.മദപ്പാടുള്ളത്, മദം ഒലിക്കുന്നത്, അസുഖം ഉള്ളത്, പരിക്കേറ്റത്, ക്ഷീണിതനായത്, ഗർഭിണി, അന്ധത തുടങ്ങി ശാരീരിക വൈകല്യമുള്ള ആനകളെ  ഉപയോഗിക്കരുത്.എലിഫന്റ് സ്‌ക്വാഡിലെ വെറ്ററിനറി ഡോക്ടറുടെ സേവനം ഉത്സവകമ്മിറ്റി ഉറപ്പു വരുത്തേണ്ടതാണ്.ആനകളെ  എഴുന്നള്ളിക്കുമ്പോൾ 25 ലക്ഷത്തിൽ കൂറയാത്ത പബ്ലിക്ക് ലയബിലിറ്റി ഇൻഷ്വറൻസ്  നിർബന്ധമായും ഉത്സവകമ്മിറ്റി  എടുക്കേണ്ടതാണ്.40 വയസ്സിനു മുകളിലുള്ള എല്ലാ ആനകളുടെയും  ആരോഗ്യസ്ഥിതി പരിശോധിക്കേണ്ടതും പരിശോധന നടത്തിയിട്ടില്ലാത്ത ആനകളെ  എഴുന്നള്ളത്തിൽ നിന്നും പൂർണ്ണമായും ഒഴിവാക്കേണ്ടതുമാണ്. എഴുന്നള്ളിക്കുന്ന ആനകളുടെ മുഴുവൻ വിവരങ്ങളും   72 മണിക്കൂർ മുമ്പായി ഉത്സവ     കമ്മിറ്റി ബന്ധപ്പെട്ട  ഫോറസ്റ്റ് റെയിഞ്ച് ഓഫീസറേയും പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെയും അറിയിക്കണം.
ഉത്സവസമയത്ത് ആനകൾക്ക് ആവശ്യാനുസരണം ആഹാരവും വെള്ളവും നൽകുകയും കാലിൽ ചൂട് ഏൽക്കാതിരിക്കാൻ നനച്ച തറയിൽ നിർത്തുകയും  വെയിൽ ഏൽക്കാതിരിക്കുവാൻ പന്തൽ പോലുള്ള സംവിധാനം ഒരുക്കുകയും ചെയ്യണം.തീവെട്ടി ആനകൾക്ക്  ചൂട് ഏൽക്കാത്തവിധം മാറ്റി പിടിക്കുവാൻ കർശനമായി നടപടി വേണം.കുട്ടിയാനകളെ ( 1.5 മീറ്ററിൽ താഴെ പൊക്കമുള്ളവ) ആഘോഷങ്ങളിൽ പങ്കെടുപ്പിക്കുവാൻ പാടുള്ളതല്ല.ഡാറ്റാബുക്കിന്റെ  അസ്സലും, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, മൈക്രോചിപ്പ് സർട്ടിഫിക്കറ്റ് , ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, 15 ദിവസത്തിനകം എടുത്ത ഫിറ്റനസ്  സർട്ടിഫിക്കറ്റ് എന്നിവ പാപ്പാന്റെ കൈവശം  ഉണ്ടായിരിക്കണം. വെറ്ററിനറി  ഡോക്ടറുടെ കുറിപ്പ് പ്രകാരം മാത്രമേ മരുന്ന് നൽകാവൂ.എഴുന്നള്ളിപ്പിനായി വെയിലത്ത് ആനയെ അധിക സമയം  നിർത്തുവാനോ ആനയുടെ സമീപത്ത് വച്ച് പടക്കം പൊട്ടിക്കുവാനോ  പാടില്ല.പാപ്പാന്മാർ മദ്യപിച്ചു കൊണ്ട് ആനകളെ കൊണ്ട് പോകുക, ആനയെ ഉപദ്രവിക്കുക എന്നിവ കർശനമായും ഒഴിവാക്കേണ്ടതാണ്. ആണി, സൂചി പോലുള്ളവ ഘടിപ്പിച്ച വടികൾ, കോലുകൾ എന്നിവ ഉപയോഗിച്ചു പിഡീപ്പിക്കുവാനോ കുത്തിപ്പൊക്കി തല ഉയർത്തി നിർത്താനോ പാടില്ല.
പാപ്പാന്മാർക്ക്  ക്ഷയരോഗം ഇല്ലെന്ന  സർട്ടിഫിക്കറ്റ്  ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും വാങ്ങി ഉടമസ്ഥർ ഹാജരാക്കേണ്ടതാണ്.ആനയുടെ കഴുത്തിൽ  ആനയുടെ പേര് പ്രദർശിപ്പിക്കേണ്ടതും ഉത്സവ   എഴുന്നള്ളിപ്പ് സമയത്ത് ഒന്നാം പാപ്പാൻ ആനയുടെ സമീപത്തു തന്നെ ഉണ്ടായിരിക്കേണ്ടതുമാണ്.ആനകൾക്ക് അലോസരം ഉണ്ടാകത്തക്കരീതിയിൽ  വാഹനങ്ങളുടെ അകമ്പടിപാടില്ല.ഇടഞ്ഞ ആനയെ/ജീവഹാനിക്ക് കാരണമായ ആനയെ 15 ദിവസത്തേക്ക്  ഉത്സവാഘോഷങ്ങളിൽ പങ്കെടുപ്പിക്കുവാൻ പാടില്ലാത്തതും , 15 ദിവസത്തിനു ശേഷം പ്രസ്തുത ആനയെ  ഫോറസ്റ്റ് വെറ്ററിനറി ഓഫീസറും, അതാത് ജില്ലയിലെ രണ്ട് സർക്കാർ വെറ്ററിനറി ഓഫീസർമാരും/  ജില്ലയിലെ മറ്റ് രണ്ട് വെറ്ററിനറി ഓഫീസർമാരും ഉൾപ്പെടുന്ന മെഡിക്കൽ  സംഘം ആനയെ പരിശോധിച്ച് മാനസിക, ശാരീരിക നില തൃപ്തികരമാണെന്ന് സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ വീണ്ടും എഴുന്നള്ളിപ്പിക്കാൻ പാടുള്ളു.

date