Skip to main content

എടപ്പാള്‍ മേല്‍പ്പാല നിര്‍മാണം മെയ് അവസാനത്തോടെ പൂര്‍ത്തിയാകും

എടപ്പാള്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം മെയ് അവസാനവാരത്തോടെ പൂര്‍ത്തീകരിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍മാണ പ്രവൃത്തി വിലയിരുത്തുന്നതിനും വ്യാപാരികളുടെ ആശങ്ക അകറ്റുന്നതിനുമായി   പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മാണത്തിലെ കാലതാമസം അനുവദിക്കാനാവില്ലെന്നും സമാന്തര റോഡുകളുടെ തകര്‍ച്ച എത്രയും പെട്ടെന്ന് പരിഹരിച്ച് ഗതാഗത  സുഗമമാക്കണമെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തികരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
 മേല്‍പ്പാലത്തിന് താഴെ തൃശൂര്‍ റോഡില്‍ ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്തും. മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഇതിനായി പണം കണ്ടെത്തുന്നത്. എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട്- തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാല നിര്‍മ്മാണം പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്തുകൂടിയാണ്  കടന്നുപോകുന്നത്. കോഴിക്കോട് റോഡില്‍ റൈഹാന്‍ കോര്‍ണറില്‍നിന്നാരംഭിച്ച് തൃശൂര്‍ റോഡില്‍ പഴയ എ.ഇ.ഒ ഓഫീസ് വരെയുള്ള 200 മീറ്ററോളം ദൂരത്തിലാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. ഏഴര മീറ്റര്‍ വീതിയും പാര്‍ക്കിങ് സൗകര്യവും വശങ്ങളില്‍ മൂന്നര മീറ്റര്‍ സര്‍വീസ് റോഡും ഓരോ മീറ്റര്‍ വീതം ഫുട്പാത്തും നിര്‍മിക്കാനാണ് പദ്ധതി.  തൃശൂര്‍ - കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍ സംഗമിക്കുന്ന ജംങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലക്ക് അഞ്ചുവര്‍ഷം മുമ്പ് മന്ത്രി  കെ.ടി ജലീല്‍ മുന്‍കൈയെടുത്താണ് മേല്‍പ്പാലമെന്ന ആശയമുദിച്ചത്. കിഫ്.ബി ഫണ്ടുപയോഗിച്ചാണ് പാലത്തിന്റെ നിര്‍മാണം.  വ്യാപാരി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഏറനാട് കണ്‍സ്ട്രക്ഷന്‍ എം.ഡി പി.ഹാഷിം, പ്രൊജക്ട് മാനേജര്‍ പി.ഹനീഫ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date