Skip to main content

തൊഴിലുറപ്പില്‍ എന്നും ഒന്നാമതാണ് പനത്തടി പഞ്ചായത്ത്

തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ പനത്തടി പഞ്ചായത്തിന് മികച്ച നേട്ടം. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം ആസ്തി വികസന പ്രവര്‍ത്തനങ്ങളും ജല സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ തൂക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ്  പഞ്ചായത്തില്‍ നടക്കുന്നത്. 173100 തൊഴില്‍ ദിനങ്ങളിലായി 5.25 കോടിയിലേറെ തുകയുടെ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ ഇതുവരെ നടപ്പാക്കിയത്. പഞ്ചായത്ത് ഭരണ സമിതിയുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ  പനത്തടി പഞ്ചായത്തിന്റെ   അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്ന മാറ്റങ്ങള്‍ ചെറുതല്ല.  ആസ്തി വികസന പ്രവര്‍ത്തനങ്ങളും ജല സംരക്ഷണ പ്രവര്‍ത്തനങ്ങളും കാര്‍ഷിക മേഖലക്ക് ഒരു പോലെ ഗുണം ചെയ്യുന്നു. പൂര്‍ത്തീകരിച്ച ആസ്തി വികസന പ്രവര്‍ത്തികളില്‍  സാധന സാമഗ്രികള്‍ ഇനത്തില്‍ ഇതുവരെ 1.27 കോടി രൂപയാണ്  ചിലവഴിച്ചത്്. വിദഗ്ദ്ധ,അവിദഗ്ദ്ധ തൊഴിലാളികള്‍ക്കുള്ള കൂലിയിനത്തില്‍ മാത്രം 53.2 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. 2017 ല്‍ മഹാത്മ പുരസ്‌കാരം കരസ്ഥമാക്കിയ പഞ്ചായത്ത് ഇപ്പോഴും ജില്ലയില്‍ ഒന്നാമതാണ്.

അടിസ്ഥാന സൗകര്യവും കാര്‍ഷിക മേഖലയും

ഗ്രാമീണ മേഖലയില്‍ ഉള്‍പ്പെടുന്ന പനത്തടി പഞ്ചായത്തില്‍ ഭൂരിഭാഗവും കര്‍ഷകരാണ്. അതിനാല്‍ വ്യക്തിഗത ആസ്തി വികസന പദ്ധതികളില്‍ കാര്‍ഷികമേഖലയ്ക്ക് മുന്‍തൂക്കം നല്‍കി പ്രദേശത്തിന് യോജിച്ച വിധമാണ് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ഗുണഭോക്താക്കളെ ഗ്രാമസഭകള്‍ വഴി കണ്ടെത്തി പശു തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂടുകള്‍, കോഴി ഫാം തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭ്യമാക്കി.  മാച്ചിപ്പള്ളി മൈതാനവും ചാമുണ്ഡിക്കുന്ന് സ്‌കൂള്‍ മൈതനവും പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ചതാണ്. ഗ്രാമീണമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 16 ഓളം റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍

കുടിവെള്ളത്തിനും ജലസേചനത്തിനുമായി നിരവധി പ്രവര്‍ത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയോട് അനുബന്ധിച്ച് പഞ്ചായത്തില്‍ നടക്കുന്നത്. വേനല്‍കടുക്കുന്നതോടെ  ജലക്ഷാമമുള്ള പ്രദേശമാണിത്. അതിനാല്‍ കിണറുകളുടെയും കുളങ്ങളുടേയും നിര്‍മ്മാണം, മണ്ണ് സരക്ഷണവും ജലസംരക്ഷണവും സംയോജിതമായി നടപ്പിലാക്കാന്‍ മഴക്കുഴികള്‍, കയ്യാല നിര്‍മ്മാണം, ജലസംഭരണികള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും വരള്‍ച്ചാനിവാരണത്തിന് മരങ്ങള്‍ വെച്ചുപിടിക്കുന്നതിനുമാണ് മുന്‍തൂക്കം നല്‍കിയത്. ഇതിന്റെ ഭാഗമായി കുടുംബൂര്‍ പൂഴയുടെ പുനരുദ്ധാരണം ഹരിതകേരളം മിഷനുമായി സംയോജിച്ച് നടപ്പാക്കി.  ചെറുപനത്തടി തോട്, പനത്തടി തോട്, നെല്ലിത്തോട് എന്നിവിടങ്ങളിലായി കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുള്ള തടയണകളും അര്‍ദ്ധ സ്ഥിര ചെക്കുഡാമുകളും നിര്‍മ്മിച്ചിട്ടുണ്ട്. ചിട്ടയായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ ജലക്ഷാമം കുറഞ്ഞെന്നും ഈ വര്‍ഷം ജനങ്ങള്‍ക്ക് വാഹനത്തില്‍ കൂടിവെളളം എത്തിച്ചു നല്‍കേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്നും പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പിജി മോഹനന്‍ പറഞ്ഞു.

100 തികച്ച്   650 കുടുംബങ്ങള്‍

ഓരോ വര്‍ഷവും തൊഴിലുറപ്പ് പദ്ധതിയില്‍ കൃത്യമായ മുന്നേറ്റം നടത്തുന്ന പനത്തടിയില്‍  4591 ജോബ് കാര്‍ഡുകളിലായി 7123 പേരാണ് തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 2324 ജോബ് കാര്‍ഡുകളിലായി 2928 പേരാണ് തൊഴില്‍ ചെയ്യുന്നത്്. 650 കുടുംബങ്ങള്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതില്‍ 455 പട്ടിക വര്‍ഗ കൂടുംബങ്ങളും ഉള്‍പ്പെടുന്നു. തൊഴിലുറപ്പ് പദ്ധതിയോട് വിമുഖത കാണിക്കുന്ന പട്ടിക വര്‍ഗ കുടുംബങ്ങളെ പദ്ധതിയിലേക്ക് കൊണ്ടുവരാനായി  ഊരുകൂട്ടങ്ങളില്‍ ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയിരുന്നു. അതിന്റെ ഫലമായി പഞ്ചാത്തിലെ  70 ശതമാനത്തോളം പട്ടിക വര്‍ഗ കുടുംബങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്.

 

date