Skip to main content

കൊറോണ- അഞ്ചു പരിശോധനാ ഫലം കൂടി വന്നു; ആര്‍ക്കും വൈറസ് ബാധയില്ല

ജില്ലയില്‍ കൊറോണ വൈറസ് ബാധ സംശയിച്ച് പരിശോധനക്കയച്ച പതിനൊന്ന് സാമ്പിളുകളില്‍ അഞ്ചെണ്ണത്തിന്റെ ഫലം കൂടി നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. നേരത്തേ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥിയെ വിട്ടയച്ചിരുന്നു. ഇതോടെ ആറു പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.
പുതുതായി 21 പേരെ കൂടി ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. രോഗലക്ഷണങ്ങളോടെ ഒരാളെ തലശ്ശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലുമായി ആകെ നാലു പേരാണ് ഇപ്പോള്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. 268 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ആകെ 272 പേരാണ് വീടുകളിലും ആശുപത്രികളിലുമായി ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.
ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഇന്നലെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയില്ലെന്ന് യോഗം വിലയിരുത്തി. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ബോധവല്‍ക്കണ പരിപാടികളും ജില്ലയില്‍ ഊര്‍ജ്ജിതമാക്കി. കോര്‍പ്പറേഷനില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ അടക്കമുള്ള ജന പ്രതിനിധികള്‍, കോര്‍പ്പറേഷന്‍ പരിധിയിലെ ഡോക്ടര്‍മാര്‍, വിവിധ വകുപ്പിലെ ജീവനക്കാര്‍, സ്‌കൂള്‍ അധ്യാപകര്‍, പി ടി എ ഭാരവാഹികള്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ ബി സന്തോഷ് ക്ലാസിന് നേതൃത്വം നല്‍കി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ 108 ആംബുലന്‍സ് ടീമിനുള്ള ബോധവല്‍ക്കരണം, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് എന്നിവയും വെളളിയാഴ്ച നടന്നു.
 

date