Skip to main content

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അത്താണിയായി സഖി സേവനം ഉപയോഗപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ടുവരണം: ജില്ലാ കലക്ടര്‍ 181 ടോള്‍ഫ്രീ നമ്പറില്‍ സേവനം ലഭിക്കും

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമങ്ങള്‍ക്കിരയാവുന്നവരുടെ അതിജീവനത്തിനുമായി കൂത്തുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ് സെന്ററിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ്. സഖി വണ്‍ സ്റ്റോപ് സെന്ററിന്റെ ജില്ലാതല അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഖി സെന്ററിനെക്കുറിച്ചുള്ള സന്ദേശം കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരണം. ഇത്തരമൊരു കേന്ദ്രത്തെ കുറിച്ച് അറിയാത്തതിനാലാണ് അതിക്രമങ്ങള്‍ക്കിരയാകുന്ന പലരും സേവനം ഉപയോഗപ്പെടുത്താത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഗാര്‍ഹിക അതിക്രമങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങി മാനസികമായോ ശാരീരികമായോ സാമ്പത്തികമായോ ഉള്ള ഏത് തരം പീഡനങ്ങളും ഫലപ്രദമായി നേരിടുന്നതിന് സഖിയുടെ സേവനം പ്രയോജനപ്പെടുത്താം.
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ രണ്ടാം നിലയിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍. പീഡനങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് ആവശ്യമായ സുരക്ഷ, ചികിത്സ, പോലീസ് സഹായം, നിയമസഹായം സുരക്ഷിത അഭയം, കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ ഒരു കുടക്കീഴില്‍ ലഭ്യമാകുമെന്നതാണ് സഖി വണ്‍സ്റ്റോപ്പ് സെന്ററിന്റെ സവിശേഷത. പീഡനങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് സാന്ത്വനവും സഹായവും അഭയവും നല്‍കുന്നതോടൊപ്പം കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനുള്ള പിന്തുണയും സഖി നല്‍കുന്നുണ്ട്.
വിവിധ തരം അതിക്രമങ്ങളുമായി ബന്ധപ്പെട്ട 350 പരാതികളാണ് ഇതിനകം കേന്ദ്രത്തില്‍ ലഭിച്ചത്. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടവയാണ് ഇവയിലേറെയും. പോസ്‌കോ ഉള്‍പ്പെടെയുള്ള ലൈംഗിക അതിക്രമ കേസുകള്‍, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍, ജോലിസ്ഥലത്തെ പീഡനങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കേസുകളും ഇവയില്‍പ്പെടും.
ഇവിടെ റിപ്പോര്‍ട്ട് ചെയ്തവയില്‍ ഏതാണ്ടെല്ലാ കേസുകളിലും അതിക്രമങ്ങള്‍ക്കിരയായവര്‍ക്ക് ചികില്‍സാ, നിയമ സഹായങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കാനും ചില കേസുകളില്‍ നഷ്ടപരിഹാരം വരെ നേടിക്കൊടുക്കാനും സാധിച്ചതായി വനിതാ സംരക്ഷണ ഓഫീസര്‍ പി സുലജ യോഗത്തെ അറിയിച്ചു.
181 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ സഖിയിലെ സേവനം ലഭ്യമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം ലഭിക്കുന്നതാണ്. സേവനം ആവശ്യമുള്ളവര്‍ക്ക് 0490 2367450, 7306996066 (വാട്‌സ്ആപ്പ് നമ്പര്‍) എന്നിവയിലും വിളിക്കാം. ജില്ലാ കലക്ടര്‍ ചെയര്‍മാനും വനിത സംരക്ഷണ ഓഫീസര്‍ കണ്‍വീനറായുമുള്ള ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയാണ് സഖി വണ്‍സ്റ്റോപ്പ് സെന്ററിന് മേല്‍നോട്ടം വഹിക്കുന്നത്. പോലീസ്, ആരോഗ്യം, പട്ടികവര്‍ഗ വികസനം എന്നീ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥരും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, ജില്ലാ വനിത ശിശുവികസന ഓഫീസര്‍, സി ഡബ്ല്യുസി ചെയര്‍മാന്‍, പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്നിവരും ജില്ലാ കലക്ടര്‍ നാമനിര്‍ദേശം ചെയ്ത മൂന്ന് സാമൂഹിക പ്രവര്‍ത്തകരും അംഗങ്ങളാണ്.

date