Skip to main content

വിദ്യാലയങ്ങള്‍ വിദ്യാര്‍ഥിനി സൗഹൃദമാകുന്നു: സ്‌കൂളുകളില്‍ ജില്ലാ പഞ്ചായത്ത് നാപ്കിന്‍ വെന്റിംഗ് മെഷീനുകള്‍ വിതരണം ചെയ്തു

വിദ്യാലയങ്ങള്‍ പെണ്‍സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള നാപ്കിന്‍ വെന്റിംഗ് മെഷീന്‍ വിതരണവും ഡെമോ പ്രദര്‍ശനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 74 സ്‌കൂളുകളിലാണ് മെഷീനുകള്‍  സ്ഥാപിക്കുന്നത്.
സ്‌കൂളുകളില്‍ മെച്ചപ്പെട്ട ടോയിലറ്റുകളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഇല്ലാത്തത് കുട്ടികളില്‍ പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ടെന്നും വിദ്യാലയങ്ങളില്‍ ശുചിത്വ പൂര്‍ണവും വിദ്യാര്‍ഥിനി സൗഹൃദവുമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിച്ചതെന്നും കെ വി സുമേഷ് പറഞ്ഞു.  പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ ഒരുക്കിയിട്ടുള്ള ഷി-ടോയ്‌ലറ്റ്, ഇന്‍സിനറേറ്റര്‍, വിശ്രമമുറി എന്നിവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണമെന്നും പുതുതായി സ്ഥാപിച്ച മെഷീനുകള്‍ ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി അധ്യാപകര്‍ക്കുള്ള പരിശീലനവും ചടങ്ങില്‍ നടന്നു. അമ്പത് ലക്ഷം രൂപ ചെലവില്‍ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനമായ യോങ് എന്റര്‍പ്രൈസസാണ് മെഷീനുകള്‍ സ്ഥാപിച്ചത്. യോങിന്റെ പ്രതിനിധി എം എ റഷീദ് മെഷീനിന്റെ ഉപയോഗക്രമവും പ്രവര്‍ത്തനരീതികളും വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ പി ജയബാലന്‍ മാസ്റ്റര്‍, ടി ടി റംല, കെ ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജാനകി ടീച്ചര്‍, തോമസ് വര്‍ഗീസ്, സെക്രട്ടറി വി ചന്ദ്രന്‍, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ കെ ബിന്ദു, വിവിധ സ്‌കൂളുകളിലെ അധ്യാപികമാര്‍ എന്നിവര്‍ പങ്കെടുത്തു.

date