Skip to main content

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ക്യാമ്പയിന്‍: വായ്പ ലഭിക്കാത്ത കര്‍ഷകര്‍ ബാങ്കുമായി ബന്ധപ്പെടണം

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയില്‍ സാമ്പത്തിക സഹായം കൈപ്പറ്റുന്നവരും എന്നാല്‍ ഇതുവരെ വായ്പ ലഭിക്കാത്തവരുമായ കര്‍ഷകര്‍ വായ്പയ്ക്കായി ബാങ്ക് ശാഖയില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സാച്ചുറേഷന്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കൃഷി വകുപ്പിന്റെ നിര്‍ദേശാനുസരണം നബാര്‍ഡ്, ജില്ലാ ലീഡ് ബാങ്ക്, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സാച്ചുറേഷന്‍ പദ്ധതി നടപ്പാക്കുന്നത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയില്‍ സാമ്പത്തിക സഹായം ലഭിച്ച എല്ലാ കര്‍ഷകര്‍ക്കും ഫെബ്രുവരി 24ന് മുമ്പ് നിബന്ധനകള്‍ക്ക് വിധേയമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) വായ്പ ലഭ്യമാക്കും. മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയ്ക്കുള്ള പ്രവര്‍ത്തന മൂലധനത്തിനും വായ്പ ലഭ്യമാണ്. നാല് ശതമാനം പലിശയില്‍ മൂന്ന് ലക്ഷം രൂപ വരെ വായ്പകള്‍ നല്‍കും. 1.6 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ഈട് നല്‍കേണ്ടതില്ല. ജില്ലയിലെ വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്ക്, ഗ്രാമീണ ബാങ്കുകള്‍ എന്നിവ മുഖേന ഈ വായ്പ ലഭ്യമാണ്.
യോഗത്തില്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലാല്‍ ടി ജോര്‍ജ്്, നബാര്‍ഡ് ഡിഡിഎം കെ വി മനോജ് കുമാര്‍, എല്‍ഡിഎം പി ഫ്രോണി ജോണ്‍, മറ്റ് വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date