Skip to main content

പാചക വാതക ഉപഭോക്താക്കള്‍ക്ക് ഏജന്‍സി മാറാന്‍ സൗകര്യമൊരുക്കും

പാചക വാതക ഉപഭോക്താക്കള്‍ക്ക് അവരുടെ സൗകര്യാര്‍ത്ഥം ഏജന്‍സി മാറുന്നതിനുള്ള നടപടി സ്വീകരിക്കും.   പാചകവാതക വിതരണ രംഗത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എഡിഎം ഇ പി മേഴ്സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അദാലത്തിലാണ് തീരുമാനം.  ഉപഭോകതാക്കള്‍ക്ക് ഓണ്‍ലൈന്‍ ആയി പണം അടക്കുന്നത് സംബന്ധിച്ചും ഗ്യാസ് കണക്ഷന്‍ സംബന്ധിച്ചുള്ള സംശയങ്ങള്‍ പരിഹരിക്കുന്നതിനും ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിക്കാന്‍ ഓയില്‍ കമ്പനികളോട് നിര്‍ദ്ദേശിച്ചു. 
    അദാലത്തില്‍ പുതിയതും പഴയതുമായി ആകെ 20 പരാതികളാണ് എത്തിയത്. ഇതില്‍ 10 എണ്ണം അദാലത്തില്‍ തന്നെ പരിഹരിച്ചു. ബാക്കിയുള്ളവ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ബന്ധപെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.  കണ്ണൂര്‍ താലൂക്കിലെ ദേവു ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികളും എത്തിയത്.  ഈ ഏജന്‍സിയിലുള്ളവര്‍ക്ക്  ഗ്യാസ് കണക്ഷന്റെ രേഖകളും ഐഡി  കാര്‍ഡിന്റെ  കോപ്പിയും സഹിതം നേരിട്ടെത്തി ഏജന്‍സി മാറാവുന്നതാണ്. അദാലത്തില്‍ ജില്ല സപ്ലൈ ഓഫീസര്‍ കെ മനോജ് കുമാര്‍,  ബിപിസി, എച്ച്പിസി, ഐഒസി തുടങ്ങിയ കമ്പനി ഉദ്യോഗസ്ഥരും ഗ്യാസ് ഏജന്‍സി ഉടമകളും,  ഉപഭോക്തൃ സംഘടന ഭാരവാഹികളും പങ്കെടുത്തു.

date