Skip to main content

ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം  പ്രചാരണ ജാഥയും ശില്‍പശാലയും ഫ്‌ളാഷ്‌മോബും ഇന്ന് (ഫെബ്രുവരി 7)

ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ശില്‍പ്പശാല ഇന്ന് (7.2.2020) രാവിലെ 10 മുതല്‍ ഒരുമണിവരെ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ്ഹാളില്‍ സീറോ ബഡ്ജറ്റ് ഫാമിംഗിന്റയും ജീവനിയുടെയും സംയുക്തമായി സംഘടിപ്പിക്കും. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വൈകിട്ട് നാലിന് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ജെസ്സി ആന്റണി ജീവനി പ്രചാരണജാഥ ഫ്‌ളാഗ്ഓഫ് ചെയ്യും. ജനപ്രതിനിധികള്‍, അഗ്രോസര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തകര്‍, സ്‌കൂള്‍കുട്ടികള്‍, കര്‍മ്മസേനാംഗങ്ങള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ജാഥയില്‍ അണിനിരക്കും.
ജാഥാംഗങ്ങള്‍ വഴിയോരങ്ങളില്‍ നില്‍ക്കുന്നവര്‍ക്ക് പച്ചക്കറി വിത്ത് അടങ്ങുന്ന ജീവനി നോട്ടീസ് നല്‍കും. അനൗണ്‍സ്‌മെന്റ് വാഹനവും ജാഥാംഗങ്ങളും മാത്രം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ കയറും. പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ പ്രവേശിച്ചാല്‍ ഉടനെ ഫ്‌ളാഷ്‌മോബ് ആരംഭിക്കും. തുടര്‍ന്ന  ്ജാഥാംഗങ്ങള്‍ ഒത്തുകൂടി പ്രതിജ്ഞ ചൊല്ലിയശേഷം ബലൂണ്‍ പറത്തിവിടും മധുരപലഹാരം വിതരണവും ഉണ്ടാകും.
വിഷവിമുക്ത പച്ചക്കറിക്കായി  കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്നതാണ് ജീവനി -നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതി ജനുവരി ഒന്നിന് ആരംഭിച്ച പദ്ധതി ലക്ഷ്യമിടുന്നത്  വിഷു വരെയുളള 470 ദിവസം വിഷവിമുക്ത പച്ചക്കറി സംസ്ഥാനത്ത് ലഭ്യമാക്കുക എന്നതാണ്. വീട്ടുവളപ്പിലെ പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിച്ച് ഈ രംഗത്ത് സംസ്ഥാനത്തെ സ്വയം പര്യാപ്തയില്‍ എത്തിക്കുവാനാണ് ഉദ്ദേശ്യം. പോഷകത്തോട്ടങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, കൃഷിപാഠശാല, ആരോഗ്യവകുപ്പുമായി യോജിച്ചുളള ബോധവത്ക്കരണം, ജൈവമുദ്രയോട് കൂടിയ പച്ചക്കറികളുടെ വിപണനം, വിത്തുകൈമാറ്റ കൂട്ടായ്മ, വന്‍തോതില്‍ പച്ചക്കറി കൃഷിയുളള തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ജീവനി പച്ചക്കറി ഗ്രാമം, ജീവനി ഹരിത ബ്ലോക്ക്, ജീവനി ഹരിതനഗരം എന്നിങ്ങനെ നാമകരണം, മാര്‍ക്കറ്റ് വിപുലീകരണം, വിദ്യാലയങ്ങളടക്കമുളള പൊതുസ്ഥാപനങ്ങളില്‍ പച്ചക്കറി കൃഷി തുടങ്ങിയവ ജീവനിയുടെ ലക്ഷ്യങ്ങളാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി ജയശ്രീ അറിയിച്ചു.  

വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, യുവജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് നടപ്പാക്കുന്ന പദ്ധതി വിഷരഹിത പച്ചക്കറി ഉല്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും പ്രാധാന്യം പരമാവധി പ്രചരിപ്പിക്കുന്നതിനും പ്രായോഗികമാക്കുന്നതിനും ലക്ഷ്യമിടുന്നു. നമ്മുടെ മണ്‍മറഞ്ഞുപോകുന്ന കൃഷി സംസ്‌കാരവും പാരമ്പര്യ കൃഷിരീതികളും പുനരുദ്ധരിക്കുന്നതിനും പച്ചക്കറി ഉല്പന്നങ്ങള്‍ക്കുവേണ്ടി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന സമ്പ്രദായം അവസാനിപ്പിച്ച് യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും പുത്തന്‍ കാര്‍ഷിക സംസ്‌കാരത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നതിനും പൊതുസമൂഹത്തില്‍ ഗുണമേന്‍മയുള്ള പച്ചക്കറി ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും  അവബോധം സൃഷ്ടിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. നാട്ടില്‍ സുലഭമായിരുന്ന പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ പ്രചാരണവും പ്രോത്സാഹനവും കര്‍ഷകക്കൂട്ടായ്മയിലൂടെ വിത്തിനങ്ങളുടെ കൈമാറ്റവും നടത്തി സമ്പുഷ്ടമായ ജൈവപച്ചക്കറി ഉല്പാദനം ത്വരിതപ്പെടുത്തുന്നതിനായി പച്ചക്കറി വിത്തുകളുടെ വിതരണവും കൃഷി സമ്പ്രദായങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും നടത്തും.
 

date