Skip to main content

ഗ്രീന്‍ രാജകുമാരി:  കമ്പോസ്റ്റ് പിറ്റ് നിര്‍മാണത്തിന് തുടക്കമായി

മാലിന്യ മുക്ത ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യവുമായി  ജൈവമാലിന്യ സംസ്‌കരണത്തിന് രാജകുമാരി ഗ്രാമപഞ്ചായത്തിലെ വീടുകളില്‍ കമ്പോസ്റ്റ് കുഴികളുടെ നിര്‍മ്മാണം ആരംഭിച്ചു. പദ്ധതിയുടെ പഞ്ചായത്ത്തല നിര്‍മ്മാണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസി ബിനു നിര്‍വഹിച്ചു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന സന്ദേശം പങ്കുവച്ച്  വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ജൈവമാലിന്യം  കമ്പോസ്റ്റ് കുഴികള്‍ നിര്‍മിച്ച്  ജൈവവളമാക്കി മാറ്റുന്ന  പദ്ധതിയാണ് നടപ്പാക്കുന്നത്. മാര്‍ച്ച് 31ന് മുന്‍പായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് കോടി രൂപയാണ് അടങ്കലായി കണക്കാക്കിയിരിക്കുന്നത്.  രണ്ട് മീറ്റര്‍ നീളത്തിലും ഒരു മീറ്റര്‍ വീതയിലും തറ കോണ്‍ക്രീറ്റ് ചെയ്ത്  സോളിഡ് ബ്ലോക്ക്  ഉപയോഗിച്ച് 2 ചേമ്പറുകളായി  ഭിത്തിയും മേല്‍ക്കൂരയോടുകൂടിയാണ് കമ്പോസ്റ്റ് യൂണിറ്റ് നിര്‍മിക്കുന്നത്. നിലവില്‍ ഗ്രീന്‍ രാജകുമാരി പദ്ധതി പ്രകാരം ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ 26 ഓളം അംഗങ്ങള്‍ വീടുകളില്‍ നിന്നും വ്യാപരസ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് അടിമാലി ഗ്രാമപഞ്ചായത്തിലെ ഷ്രെഡിംഗ് യൂണിറ്റില്‍ സംസ്‌കരിക്കുന്നുണ്ട്. പഞ്ചായത്തിലെ മുവായിരത്തോളം വീടുകളില്‍ കമ്പോസ്റ്റ് കുഴികള്‍ നിര്‍മിക്കുന്നതോടെ ജൈവമാലിന്യ നിര്‍മാര്‍ജനത്തില്‍ രാജകുമാരി പഞ്ചായത്ത്  സ്വയംപര്യാപ്തമാകും.  

നടുമറ്റം നമ്പലത്ത് മോഹനന്റെ വീട്ടില്‍ നടന്ന നിര്‍മാണോത്ഘാടന  യോഗത്തില്‍ വികസന കാര്യ സ്ഥിരസമിതി അധ്യക്ഷന്‍ പി.പി ജോയി അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷന്‍ കെ.കെ തങ്കച്ചന്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി എല്‍ദോ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എ നിസ്സാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

 

date