Skip to main content
ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പരിശീലന പരിപാടി

ജീവനി 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' സീറോ ബഡ്ജറ്റ് നാച്ചുറല്‍ ഫാമിംഗ് സംയുക്ത ശില്പശാലയും വിളംബര ജാഥയും നടത്തി

കാര്‍ഷിക വികസന ക്ഷേമ കര്‍ഷക വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ജീവനി' നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി സീറോ ബഡ്ജറ്റ് ഫാമിംഗിന്റെ   ശില്പശാലയും വിളംബര ജാഥയും നടത്തി. തിരഞ്ഞെടുത്ത കര്‍ഷകര്‍ക്കും  ജില്ലയിലെ കൃഷി ഉദ്യോഗസ്ഥര്‍ക്കുമായാണ് തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ശില്പശാല സംഘടിപ്പിച്ചത്.  ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം.വി.ജയശ്രി ശില്പശാല ഉത്ഘാടനം ചെയ്തു.  ആത്മ പ്രോജക്ട് ഡയറക്ടര്‍ ശ്രീലത .പി. ജീവനി 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ സന്ദേശം നല്കി. ചോറ്റാനിക്കര കൃഷി ഓഫീസര്‍  ബിജുമോന്‍ സക്കറിയ ക്ലാസ് നയിച്ചു.

ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുന്നതിനും പ്രകൃതിയോടിണങ്ങി കൃഷി ചെയ്യുന്ന സമ്പ്രദായത്തിലൂടെ പഴമയിലേക്ക് തിരിച്ചുപോയി അവര്‍ അനുവര്‍ത്തിച്ചുപോന്നിരുന്ന ചിലവില്ലാ കൃഷി രീതിയില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്കുകയുമാണ്  ശില്പശാല ലക്ഷ്യം.  

ജീവനിയുടെ സന്ദേശം നല്കികൊണ്ട്  മിനി സിവില്‍ സ്റ്റേഷനില്‍ നിന്നും മുന്‍സിപ്പല്‍ ബസ്സ് സ്റ്റാന്റിലേക്ക് നടത്തിയ വിളംബര ജാഥ മുനിസിപ്പല്‍ ചെയര്‍പേഴ്ണ്‍ണ്‍ ജെസി ആന്റണി ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ബസ് സ്റ്റാന്റില്‍ ജീവനിയുടെ പ്രതിജ്ഞ ചൊല്ലിയാണ് പരിപാടി അവസാനിപ്പിച്ചത്.
ജീവനി ഡെപ്യൂട്ടി ഡയറക്ടര്‍ ബിജി തോമസ്, ഹോര്‍ട്ടി കള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രിന്‍സ് മാത്യു, ട്രെയിനിങ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യയന്‍, യുവജന പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ രാധ.കെ., വാട്ടര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു.പി.മാത്യു എന്നിവര്‍ സംസാരിച്ചു.

ജന പ്രതിനിധികള്‍, കര്‍ഷകര്‍ - കൃഷി - ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, അഗ്രോ സെന്റര്‍ അംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. നിശ്ചല ദൃശ്യങ്ങള്‍, ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള യന്ത്രങ്ങളുടെയും ഉപകരണങ്ങളുടേയും പ്രദര്‍ശനം എന്നിവ ഘോഷയാത്രക്ക് മിഴിവേകി. തുടര്‍ന്ന് ബസ് സ്റ്റാന്‍ഡില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജീവനിയുടെ ഔദ്യോഗിക ഗാനത്തിന്റെ ഫ്ലാഷ് മോബ് അവതരണവും നടത്തി. ഇതോടൊപ്പം ജീവനി സന്ദേശങ്ങളെഴുതിയ നൂറ് കണക്കിന് ഹരിത ബലൂണ്‍ പറത്തി. പരിപാടിയോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് സൗജന്യമായി വിത്ത് വിതരണവും നടത്തി.

ജീവനി - 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം'

2020  ജനുവരി  1  മുതല്‍   2021  ഏപ്രില്‍  (വിഷു) വരെയുളള  470 ദിവസത്തിനുളളില്‍  സംസ്ഥാനമൊട്ടാകെ  വിഷരഹിത പച്ചക്കറി വിഭവങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടി  സംസ്ഥാന കൃഷി വകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ്  ജീവനി - 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം'.
   വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, യുവജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് നടപ്പാക്കുന്ന പദ്ധതി വിഷരഹിത പച്ചക്കറി ഉല്പാദനത്തിന്റേയും ഉപഭോഗത്തിന്റെയും പ്രാധാന്യം പരമാവധി പ്രചരിപ്പിക്കുന്നതിനും പ്രയോഗികമാക്കുന്നതിനും ലക്ഷ്യമിടുന്നു.
നമ്മുടെ മണ്‍മറഞ്ഞുപോകുന്ന കൃഷി സംസ്‌കാരവും പാരമ്പര്യ കൃഷി രീതികളും പുനരുദ്ധരിക്കുന്നതിനും പച്ചക്കറി ഉല്പന്നങ്ങള്‍ക്കുവേണ്ടി അന്യ സംസ്ഥാനങ്ങളെ  ആശ്രയിക്കുന്ന രീതി അവസാനിപ്പിച്ച് യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും പുത്തന്‍ കാര്‍ഷിക സംസ്‌കാരത്തിലേയ്ക്ക് കൈപിടിച്ച് കൊണ്ടുവരുന്നതിനും പൊതു സമൂഹത്തില്‍ ഗുണമേന്‍മയുള്ള പച്ചക്കറി ഉല്പാദനത്തില്‍  സ്വയം പര്യാപ്തത കൈവരിക്കുന്നതിനും  അവബോധം സൃഷ്ടിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു.
നാട്ടില്‍ സുലഭമായിരുന്ന പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ പ്രചാരണവും പ്രോത്സാഹനവും  കര്‍ഷകക്കൂട്ടായ്മയിലൂടെ വിത്തിനങ്ങളുടെ കൈമാറ്റവും നടത്തി സമ്പുഷ്ടമായ ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിച്ച് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും അതുവഴി ഒരു തൊഴില്‍ സംസ്‌കാരം ഉണ്ടാക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്.
അതിന്റെ ഭാഗമായി എല്ലാ കൃഷി ഭവനുകളിലും ജൈവ പച്ചക്കറി ഉല്പാദനം ത്വരിതപ്പെടുത്തുന്നതിന് പച്ചക്കറി വിത്തുകളുടെ വിതരണവും കൃഷി സമ്പ്രദായങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും നടത്തും

date