Skip to main content
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ.സ്‌കൂളിന് രണ്ടു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടം

ഗാന്ധിജി സ്‌കൂളിന് രണ്ട് കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം 13ന്

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന മിഷനുകളിലൊന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിന് രണ്ട് കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രു 13 ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് മന്ത്രി എം.എം.മണി നിര്‍വ്വഹിക്കും.
പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കി വരുന്നത്.  മൂന്നുനിലകളിലായി 15 വലിയ ക്ലാസ് റൂമുകളാണ് പുതിയ കെട്ടിടത്തിലുള്ളത്. കൂടാതെ ഓരോ നിലയിലും ടോയ്‌ലറ്റ് ബ്ലോക്കും ഉണ്ട്. 500 ലധികം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്നതാണ് ട്രെസ് വര്‍ക്ക് ചെയ്ത മുകളിലെ ആഡിറ്റോറിയം.  വാപ്‌കോസ് ഏജന്‍സിയാണ് കെട്ടിടം നിര്‍മ്മിച്ചത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിനായിരുന്നു നിര്‍മ്മാണ മേല്‍നോട്ട ചുമതല.

പ്രീപ്രൈമറി മുതല്‍ പത്താം ക്ലാസ് വരെ വിവിധ ഡിവിഷനുകളിലായി 1426 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പ്രീ പ്രൈമറി വിഭാഗത്തില്‍ 216 കുട്ടികളുണ്ട്. 2005-06 ല്‍ ജില്ലാ പഞ്ചായത്ത്  ആരംഭിച്ച ഗാന്ധിജി സ്‌കൂള്‍ 2011 ലാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. 2011 മുതല്‍ എസ്എസ്എല്‍സിക്ക് നൂറു ശതമാനമാണ് വിജയം.
  സ്‌കൂള്‍ ബസ് സൗകര്യവും മികച്ച പഠന നിലവാരവും വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. ഇതോടെയാണ് അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുവാന്‍ സ്ഥലം എം എല്‍ എ യും ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായ വൈദ്യുതിവകുപ്പ് മന്ത്രി എം.എം.മണിയുടെ ശുപാര്‍ശ പ്രകാരം ഗാന്ധിജി സ്‌കൂള്‍  പൊതു വിദ്യാഭ്യാസ ഹൈടെക് സ്‌കൂളുകളുടെ പട്ടികയില്‍ ഇടം പിടിച്ചത്.
രണ്ടാം ഘട്ടമായി പുതിയ ബ്ലോക്ക് നിര്‍മ്മിക്കാന്‍ മൂന്ന് കോടി രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ കിഫ് ബി മുഖേന അനുവദിച്ചതായും അതിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായും സ്‌കൂള്‍ പിറ്റിഎ പ്രസിഡന്റ് പി.ബി.ഷാജി പറഞ്ഞു.
ഉദ്ഘാടന യോഗത്തിന് പിറ്റിഎ പ്രസിഡന്റ് പി.ബി.ഷാജി അധ്യക്ഷത വഹിക്കും. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.കെ. ഗീത സ്വാഗതമാശംസിക്കും. സീനിയര്‍ അസിസ്റ്റന്റ് മേരിക്കുട്ടി ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇടുക്കി വിദ്യാഭ്യാസ
ഡെപ്യൂട്ടി ഡയറക്ടര്‍ മുഖ്യ പ്രഭാഷണം നടത്തും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ് , ജില്ലാ പഞ്ചായത്തംഗം നിര്‍മ്മലാ നന്ദകുമാര്‍, കട്ടപ്പന ഡിഇഒ ഇന്‍ ചാര്‍ജ് കെ.ഡി.വിജയന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജോസ്‌ന ജോബിന്‍, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ലാലച്ചന്‍ വെള്ളക്കട, ബി.ഡി.ഒ ധനുഷ്. ബി, കെ.എം.ഉഷാനന്ദന്‍, ലീലാമ്മ ജോണ്‍, കുര്യന്‍ ആന്റണി, മായ വിനോദ് , ഡൊമിനിക് സ്‌കറിയ, ധനുഷ് കൃഷ്ണ, എന്‍. സുനില്‍ കുമാര്‍, ജയ്‌മോന്‍ പി.ജോര്‍ജ് തുടങ്ങിയവര്‍  സംസാരിക്കും. കലാരംഗത്ത് സംസ്ഥാന ജില്ലാതലങ്ങളില്‍ ജേതാക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് യോഗത്തില്‍  ഉപഹാരം വിതരണം ചെയ്യും. സ്‌കൂള്‍ വാര്‍ഷികാഘോഷം ഇന്ന് ( 12 ന് ) നടക്കും.
 

date