Skip to main content

വിളകൾക്ക് ആരോഗ്യം പകരാൻ എറിയാട് പ്ലാന്റ് ഹെൽത്ത് ക്ലിനിക്

വിളകൾക്ക് ആരോഗ്യം പകരാൻ എറിയാട് പ്ലാന്റ് ഹെൽത്ത് ക്ലിനിക് പ്രവർത്തനം ഊർജ്ജിതമാക്കുന്നു. കൃഷിയിടത്തിലെ കീടങ്ങളുടെയും ഫംഗസുകളുടെയും പ്രശ്‌നത്തിന് പരിഹാരം കാണാൻ എറിയാട് കൃഷി ഭവനിൽ ഇന്ന് (ഫെബ്രുവരി 26) രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12 വരെ ക്ലിനിക് പ്രവർത്തിക്കും. കർഷകർ അവരുടെ കൃഷി ഇടത്തിൽ കാണുന്ന രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയാൽ പ്രശ്‌നത്തിന് പരിഹാരം കാണാം. രണ്ട് വർഷം മുമ്പാണ് എറിയാട് കൃഷിഭവന്റെ കീഴിൽ സംസ്ഥാന കൃഷിവകുപ്പിന്റെ ക്രോപ്പ് ഹെൽത്ത് മാനേജ്‌മെന്റ് സ്‌കീം പ്രകാരം ക്ലിനിക് ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ കീഴിൽ നിരവധി കാർഷിക പദ്ധതികൾ കൂടി വന്നതോടെ പ്രവർത്തനം ഊർജ്ജിതമാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ കൃഷിയിടം സന്ദർശിച്ച് കീടരോഗബാധയുടെ തോത് ശാസ്ത്രീയമായി ശേഖരിക്കും. കീടരോഗബാധയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും നിയന്ത്രണത്തിനുള്ള ശാസ്ത്രീയ മാർഗങ്ങളും കർഷകർക്ക് നൽകുകയും ചെയ്യും. ഇന്റർനെറ്റ് ആസ്പദമാക്കിയുള്ള ക്രോപ്പ് പെസ്റ്റ് സർവൈലൻസ് സിസ്റ്റം എന്ന സേവനം കർഷകർക്ക് ലഭ്യമാക്കും. കീടരോഗനിർണയത്തിനുള്ള ഉപകരണങ്ങൾ, ശത്രുകീടങ്ങളെയും മിത്രകീടങ്ങളെയും തിരിച്ചറിയാനുള്ള നിർദ്ദേശങ്ങൾ, കീടരോഗലക്ഷണങ്ങൾ സംബന്ധിച്ച പോസ്റ്ററുകൾ, ചാർട്ടുകൾ, ഫോട്ടോഗ്രാഫുകൾ എന്നിവ ക്ലിനിക്കുകളിലുണ്ടാവും. കൃഷി സംബന്ധമായ ചെറു ലൈബ്രറിയും ക്ലിനിക്കിലുണ്ടാകും. മണ്ണിന്റെ അമ്ലത്വപരിശോധന നടത്തി സന്തുലിത വളപ്രയോഗം സംബന്ധിച്ച നിർദേശങ്ങളും നൽകും. രാസകീടനാശിനികൾ പരമാവധി കുറച്ച് നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ കർഷകരെ പ്രാപ്തമാക്കുകയും ചെയ്യും. കാർഷിക വിളകളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി കീടരോഗ ബാധയെക്കുറിച്ച് നീരീക്ഷണം നടത്തി കർഷകർക്ക് മുൻകൂട്ടി അറിവ് നൽകുകയും നിയന്ത്രണങ്ങൾക്കായി ശാസ്ത്രീയ നിർദേശങ്ങൾ നൽകുകയുമാണ് ഇതിന്റെ ലക്ഷ്യം. സംസ്ഥാനത്ത് 252 കൃഷി ഭവനുകളിൽ ഇത്തരത്തിലുള്ള പ്ലാന്റ് ഹെൽത്ത് ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

date