Skip to main content

കാട്ടു തീ : അടിക്കാടുകൾ ഉടൻ വെട്ടണം - ജില്ലാ കളക്ടർ

അടിക്കടി കാട്ടു തീ പടരുന്ന സാഹചര്യത്തിലും ജില്ലയിലെ ചൂട് ക്രമാതീതമായി കൂടുന്നതിനാലും വന മേഖലയിലെ അടിക്കാടുകൾ ഉടൻ വെട്ടണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു. വനമേഖലയിൽ കാട്ടുതീ പടർന്നു പിടിക്കുന്നത് തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതുസംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഫയർ ലൈൻ ചെയ്യും. കാടും ജന വാസ മേഖലയും തമ്മിൽ 5.2 മീറ്റർ വീതിയിൽ ക്ലിയർ ചെയ്തു കത്തിച്ചാണ് ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരമുള്ള ഫയർ ലൈൻ ചെയ്യുക. മൂന്ന് വനപാലകർ കാട്ടു തീയിൽ പെട്ട് വെന്തു മരിച്ച എച് എൻ എൽ പ്ലാന്റേഷൻ പ്രദേശത്ത് കൂടുതൽ സുരക്ഷ ഏർപ്പെടുത്താനും നിർദേശം നൽകി. ചെറിയ തീപ്പൊരി വീണാൽ പോലും ഉണങ്ങി നിൽക്കുന്ന വന പ്രദേശങ്ങളിൽ വൻ തീപിടുത്തം ഉണ്ടാകാനുള്ള സാഹചര്യത്തിൽ മുൻകരുതലുകളെടുക്കാൻ ജില്ലാ വനം വകുപ്പ് ഉദ്യോഗസ്ഥർക്കും, വന പാലകർക്കും, പഞ്ചായത്ത് പ്രസിഡന്റുമാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. യോഗത്തിൽ വിവിധ ഡി എഫ് ഒമാർ, വന മേഖല പോലീസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

date