Skip to main content

പീച്ചി ഡാമിന്റെ ഇടതു കര കനാൽ മാർച്ച് 2 മുതൽ 14 ദിവസത്തേക്കു തുറക്കും -ജില്ലാ കളക്ടർ

പീച്ചി ഡാമിന്റെ ഇടതു കര കനാൽ മാർച്ച് രണ്ട് മുതൽ 14 ദിവസത്തേക്ക് തുറക്കുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. കടുത്ത വേനലിൽ പാട ശേഖരങ്ങളിലെ കൃഷി ഉണങ്ങുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം കൈ കൊണ്ടത്. പീച്ചിയിലെ വെള്ളം ഉടൻ തുറന്നു വിടണം എന്നും, തുറന്നു വിടരുത് എന്നും തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്നു. മാർച്ച്പത്തിന് ശേഷം വലതു കര കനാൽ തുറക്കുന്ന കാര്യം തീരുമാനിക്കും. വലതു കരയിൽ വരുന്ന പുത്തൂർ, കോലഴി, അടാട്ട് പഞ്ചായത്തുകൾക്കും, പുഴയ്ക്കൽ ബ്ലോക്കിനും, മണ്ണുത്തിയിലെ സീഡ് ഫാമിനും വെള്ളം ആവശ്യമുണ്ടെങ്കിലും അടുത്തുള്ള മാടക്കത്തറ, വിൽ വട്ടം, ഒല്ലൂക്കര പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ വിളവെടുപ്പ് കാലമായതിനാൽ വെള്ളം ഒഴുകി എത്തിയാൽ കൃഷി നശിക്കും. ഈ സാഹചര്യത്തിലാണ് മാർച്ച് 10 ന് മുന്നേ വിളവെടുപ്പ് നടത്തി വലതു കര കനാലിലൂടെ 10 ന് ശേഷം മാത്രം വെളളം തുറന്നു വിടാൻ ആലോചിക്കുന്നത്. വെള്ളം തുറന്നു വിട്ടാലും പാടങ്ങളിൽ വെള്ളം കയറാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. വാട്ടർ മാനേജ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ സന്ധ്യ വി, കൃഷി ഉദ്യോഗസ്ഥർ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, ഉപദേശക സമിതി കർഷക പ്രതി നിധികൾ തുടങ്ങിയവർ പങ്കെടുത്തു.  

 

date