Skip to main content

ജില്ലയിലെ ആദ്യ വിശപ്പുരഹിത കാന്റീൻ കുന്നംകുളത്ത് തുടങ്ങി വിശപ്പുരഹിത കേരളം ലക്ഷ്യം : മന്ത്രി പി തിലോത്തമൻ

ജനപങ്കാളിത്തം ഉറപ്പാക്കി സംസ്ഥാനത്ത് വിശപ്പുരഹിത കേരളം പദ്ധതി വിജയകരമായി നടപ്പാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. കുന്നംകുളം നഗരസഭയിൽ ജില്ലയിലെ ആദ്യത്തെ വിശപ്പുരഹിത കാന്റീൻ സംരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന സുഭിക്ഷ പദ്ധതിക്ക് സംസ്ഥാന സർക്കാർ നേതൃത്വം നൽകുകയാണ് ചെയ്യുക. ഇതിന്റെ സുഗമമായ പ്രവർത്തനത്തിന് നാട്ടിലെ സേവന സന്നദ്ധരെയും സ്‌പോൺസർമാരെയും സഹായം നൽകാൻ താത്പര്യമുള്ളവരെയും ഉൾക്കൊള്ളിക്കും. തുടർന്ന് നല്ല നിലവാരമുള്ള ഭക്ഷണം ഏവർക്കും എത്തിക്കും. നാട്ടിൽ ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ കഴിയുന്ന ഒട്ടേറെ പേരുണ്ട്. അതത് പ്രദേശങ്ങളിൽ സന്നദ്ധ പ്രവർത്തകരിലൂടെ അവർക്കുള്ള ഭക്ഷണം എത്തിക്കും. ഏവർക്കും ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ അടുത്ത ഓണത്തിന് മുൻപായി തുടങ്ങുന്ന 1000 വിശപ്പുരഹിത ഹോട്ടലുകളിലേക്ക് സബ്‌സിഡി നിരക്കിൽ സിവിൽ സപ്ലൈസ് കോർപ്പറേഷൻ സാധനങ്ങൾ നൽകും. അരി കിലോയ്ക്ക് 6.90 പൈസ നിരക്കിൽ ഇത്തരം ഹോട്ടലുകളിലേക്ക് എത്തിക്കും. സംസ്ഥാന സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം അർഹരായവരെ കണ്ടെത്തി അവർക്കുള്ള റേഷൻ നൽകുന്നുണ്ട്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ പൊതുവിതരണ സമ്പ്രദായത്തിലൂടെ ജനങ്ങളുടെ ഭക്ഷ്യാവശ്യങ്ങൾ ഒരു പരിധിവരെ നിർവഹിച്ചു നൽകാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ് ഷാനവാസ് ആദ്യ കൂപ്പൺ വിതരണവും സ്‌പോൺസർഷിപ്പ് സ്വീകരിക്കലും നിർവഹിച്ചു. ഡെപ്യൂട്ടി റേഷനിങ് കൺട്രോളർ വി വി സുനില പദ്ധതി വിശദീകരിച്ചു.
നഗരസഭ വൈസ് ചെയർമാൻ പി എം സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗീതാ ശശി, കെ കെ മുരളി, സുമഗംഗാധരൻ, കെ കെ ആനന്ദൻ, മിഷ സെബാസ്റ്റ്യൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ്‌കുമാർ, കൗൺസിലർമാരായ കെ എ അസീസ്, ബിജു സി ബേബി, ജയ്‌സിങ് കൃഷ്ണൻ, മുൻ നഗരസഭ ചെയർമാന്മാർ, വിവിധ രാഷട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ ടി അയ്യപ്പദാസ് നന്ദിയും പറഞ്ഞു.

date