Skip to main content

സാന്ത്വനമേകാന്‍ ക്ഷീരസാന്ത്വനം വരുന്നു സമഗ്ര ക്ഷീരകര്‍ഷക ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങി

ക്ഷീരകര്‍ഷകര്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയുമായി ക്ഷീര വികസന വകുപ്പ്. 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്ഷീര കര്‍ഷകരുടെയും,  കുടുംബത്തിന്റെയും സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ക്ഷീര സാന്ത്വനം എന്ന പേരില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. കേരള ക്ഷീര കര്‍ഷക ക്ഷേമനിധി, മേഖല സഹകരണ ക്ഷീരോത്പാദക സഹകരണ സംഘങ്ങള്‍ എന്നിവരുടെ സംയുക്ത സംരംഭമായിട്ടാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും, കറവ മാടുകള്‍ക്കും, സംഘം ജീവനക്കാര്‍ക്കും പദ്ധതിയില്‍ ഇന്‍ഷുര്‍ ചെയ്യാം. ആരോഗ്യ സുരക്ഷ പോളിസി,   അപകട സുരക്ഷ പോളിസി,  ലൈഫ് ഇന്‍ഷുറന്‍സ് പോളിസി,  ഗോസുരക്ഷ പോളിസി എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യങ്ങള്‍ ലഭ്യമാകുക. ഓണ്‍ലൈന്‍ ആയാണ് പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ടത്.  പോളിസിയില്‍ ചേരുന്നത് മുതല്‍ ക്ലെയിം തീര്‍പ്പാക്കല്‍ വരെ ഓണ്‍ലൈന്‍ വഴിയാണ് നടപ്പിലാക്കുക.
കന്നുകാലി പരിരക്ഷയ്ക്ക് ഒരു കര്‍ഷകന് 500രൂപ വരെ ധനസഹായം ലഭിക്കും. മറ്റു ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകളില്‍ ഗുണഭോക്തൃ വിഹിതം കൂടാതെ ധനസഹായവും ലഭിക്കും. ആദ്യം ചേരുന്ന 25000 കര്‍ഷകര്‍ക്ക് മുന്‍ഗണനയുണ്ടാകും. പതിനെട്ടുമുതല്‍  എണ്‍പതു  വയസുവരെ ഉള്ള കര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കും. അപകട മരണത്തിന് ഏഴു ലക്ഷം രൂപ വരെ പരമാവധി ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ട്.
കര്‍ഷകര്‍ക്ക് അവരുടെ മാതാപിതാക്കളെയും ആരോഗ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. ഇതിന് ഉയര്‍ന്ന പ്രായപരിധി ഇല്ല. ആരോഗ്യ സുരക്ഷ പദ്ധതിയില്‍ നിലവിലുള്ള എല്ലാ രോഗങ്ങളുടെയും തുടര്‍ചികിത്സയും ലഭ്യമാകും.  സംസ്ഥാനത്തെ തെരെഞ്ഞെടുത്ത സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ക്യാഷ്ലെസ് ചികിത്സ കവറേജിനുള്ളില്‍ നല്‍കും.
പദ്ധതിയുടെ വിവരങ്ങള്‍ ലഘുലേഖ മുഖേന കര്‍ഷകരിലെത്തിക്കും. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് തിരിച്ചറിയല്‍ കാര്‍ഡും വിതരണം ചെയ്യും. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തല ക്ഷീര വികസന യൂണിറ്റ് ഓഫീസുമായോ ജില്ലാതല ക്ഷീര വികസന ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.

date