Skip to main content

കോവിഡ് - 19: പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

വിവിധ രാജ്യങ്ങളില്‍ കോവിഡ് - 19  പടരുകയും ഡല്‍ഹി, തെലങ്കാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍  പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
കോവിഡ് - 19  റിപ്പോര്‍ട്ട്  ചെയ്ത രാജ്യങ്ങളില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്ന എല്ലാവരും (വിദേശികളും സ്വദേശികളും) അതത് പ്രദേശത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലോ ജില്ലാ മെഡിക്കല്‍ ഓഫീസിലോ റിപ്പോര്‍ട്ട് ചെയ്യണം. ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജില്ലാ കണ്‍ട്രോള്‍ സെല്ലിന്റെ 0497  2713437, 2700194 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.  മറ്റു രാജ്യങ്ങളില്‍ നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ എത്തിയ ആര്‍ക്കെങ്കിലും ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലോ ജില്ലാ മെഡിക്കല്‍ ഓഫീസിലോ വിളിച്ചറിയിച്ചതിനു ശേഷം മാത്രമേ ആശുപത്രികളില്‍ ചികിത്സ തേടാവൂ. ആരും ആശുപത്രി ഒ പി കളില്‍ നേരിട്ട് പോകരുതെന്നും നിര്‍ദേശമുണ്ട്. സ്വന്തം സുരക്ഷയോടൊപ്പം മറ്റുള്ളവരുടെ സുരക്ഷയും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും എല്ലാവരും ഇതുമായി സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡ് - 19 മായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ആരോഗ്യ വകുപ്പിന്റെ ദിശ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍ : 1056 അല്ലെങ്കില്‍ 0471   2552056
പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍: സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക. 20 സെക്കന്റോളം ഈ രീതിയില്‍ കൈകള്‍ കഴുകണം.  ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായയും അടച്ചുപിടിക്കുക.  കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടരുത്.  പനിയുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.  ആളുകള്‍ കൂടുതലായി ഒത്തുചേരാനിടയുള്ള മേളകള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയവയില്‍ നിന്നും പരമാവധി വിട്ടുനില്‍ക്കുക.  അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക.  രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക.  പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ നടത്താതെ ഉടന്‍ ഡോക്ടറെ കാണുക.  വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക.

date