Skip to main content
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ പരമേശ്വരന്‍ അവതരിപ്പിക്കുന്നു.

നെന്മാറ ബ്ലോക്ക് ബജറ്റ്: സേവന മേഖലയ്ക്ക് പ്രാമുഖ്യം

 

സേവന മേഖലയ്ക്ക് പ്രാമുഖ്യം നല്‍കി നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ പരമേശ്വരന്‍ അവതരിപ്പിച്ചു. മൊത്തം 17, 97,58,515 രൂപയുടെ വരവും 17, 94, 21, 112 രൂപയുടെ ചെലവും 3,37,403 രൂപയുടെ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഉത്പാദന മേഖലയ്ക്ക് 1,48,80,720 രൂപയും സേവന മേഖലയ്ക്ക് 5,28,29,280 രൂപയും പശ്ചാത്തല മേഖലയ്ക്ക് 1,76, 50000 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.  കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്കും മെയിന്റനന്‍സ് ഗ്രാന്റിനുമായാണ് ബാക്കി തുക നീക്കിവെച്ചിട്ടുള്ളത്.

202021 സാമ്പത്തിക വര്‍ഷത്തില്‍ വികസന ഫണ്ടിനത്തില്‍ 6.20 കോടി രൂപ ജനറല്‍ വിഭാഗത്തിലും 2.16 കോടി രൂപ പട്ടികജാതി വിഭാഗത്തിലും 16.8 ലക്ഷം രൂപ പട്ടികവര്‍ഗ വിഭാഗത്തിലുമായി മൊത്തം 8.53 കോടി രൂപയാണ് ബജറ്റ് വിഹിതമായി വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 40 ശതമാനം പശ്ചാത്തല മേഖലയ്ക്കും 20 ശതമാനം വീതം ഉത്പാദന മേഖലയ്ക്കും ലൈഫ് പദ്ധ തിയ്ക്കും 10 ശതമാനം മാലിന്യ സംസ്‌ക്കരണത്തിനും അഞ്ച് ശതമാനം വീതം ശിശുക്കള്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായും വൃദ്ധര്‍, പാലിയേറ്റീവ് കെയര്‍ വിഭാഗങ്ങള്‍ക്കുമായി മാറ്റി വെച്ചു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തില്‍ 5,34,266 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാണ്  ബജറ്റ് ലക്ഷ്യമിടുന്നത്. സ്വച്ഛ് ഭാരത് മിഷനായി ഒരു ലക്ഷം രൂപയും  പി.എം.എ.വൈ പദ്ധതിയില്‍ നൂറ് വീടുകള്‍ക്ക് 1,20,000 രൂപ നിരക്കില്‍ ഒരു കോടി 20 ലക്ഷം രൂപയും വകയിരുത്തി.

ബ്ലോക്ക് പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങള്‍ നേരിട്ട് നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ആശുപത്രി വികസനത്തിനായി 13 ലക്ഷം രൂപയും പട്ടികജാതി വികസനത്തിനായി ഏഴു കോടി രൂപയും വ്യവസായ വകുപ്പിന് 70ലക്ഷം രൂപയും കൃഷി വകുപ്പിന് 15 കോടി, സാമൂഹികനീതി വകുപ്പ് 32 ലക്ഷം രൂപ, മൃഗസംരക്ഷണ വകുപ്പ് ഒരു ലക്ഷം രൂപ, ക്ഷീര വികസന വകുപ്പ് 58.8 ലക്ഷം രൂപ, പട്ടികവര്‍ഗ വികസന വകുപ്പ് 70.5 ലക്ഷം രൂപയും വകയിരുത്തി.

ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബജറ്റ് അവതരണത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങള്‍, മെമ്പര്‍മാര്‍, ബി.ഡി.ഒ കെ.സി. ജിനീഷ്, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date