Skip to main content

ഭവന നിര്‍മാണ, വയോജന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് 

 

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ചുവട് പിടിച്ച് ഭവനനിര്‍മാണ മേഖലയ്ക്ക് പ്രാധാന്യം നല്‍കി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഭവന നിര്‍മാണ മേഖലയിലെ വര്‍ദ്ധിച്ച ചെലവും അടിസ്ഥാനമേഖലയുടെ ആവശ്യവും കണക്കിലെടുത്താണ് ഭവനനിര്‍മാണ മേഖലയ്ക്ക് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. 1,25,29,400 രൂപയാണ് പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
37.96   കോടിയുടെ പദ്ധതികള്‍ക്കാണ് ബജറ്റില്‍ രൂപം നല്‍കിയിരിക്കുന്നത്. അടുത്ത വര്‍ഷത്തെ പദ്ധതികള്‍ക്കായി 47.74 ലക്ഷം രൂപയുടെ നീക്കിയിരിപ്പും കണക്കാക്കിയിട്ടുണ്ട്. സേവനമേഖലയ്ക്കാണ് ഏറ്റവും കൂടുതല്‍ തുക നീക്കിവെച്ചിരിക്കുന്നത്. ആരോഗ്യമേഖലയ്ക്കായി 34 ലക്ഷവും ശുചിത്വ, മാലിന്യ സംസ്‌ക്കരണത്തിനായി 15.05 ലക്ഷവും വയോജനക്ഷേമത്തിനായി 27.45 ലക്ഷവും വനിതാക്ഷേമത്തിന് 69.92 ലക്ഷവും അങ്കണവാടി പശ്ചാത്തല സൗകര്യത്തിനായി 10 ലക്ഷവുമാണ് നീക്കിവെച്ചിരിക്കുന്നത്. ഉല്‍പ്പാദന മേഖലയ്ക്കായി 92.89 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. നെല്‍കൃഷി ഉഴവുകൂലി സബ്‌സിഡിയായി 72.89 ലക്ഷവും പാലിന് സബ്‌സിഡിയായി 20 ലക്ഷവുമാണ് വകയിരുത്തിയിരുത്തിരിക്കുന്നത്.
പശ്ചാത്തല മേഖലയ്ക്കായി ബജറ്റില്‍ 57.05 ലക്ഷം മാറ്റിവെച്ചിട്ടുണ്ട്. റോഡുകളുടെ വികസനമാണ് ഇതില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. ഹരിതകകേരളം പദ്ധതിയുടെ ഭാഗമായി കൃഷി, ജലസേചനം, ജലവിഭവ സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 28.10 കോടിയാണ് ലക്ഷ്യമിടുന്നത്. ഗ്രാമീണ റോഡുകള്‍, തടയിണകള്‍, കുടിവെള്ള പദ്ധതികള്‍ എന്നിവയ്ക്കായി എം.എല്‍.എ ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപയും  എം.പി ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപയും വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ നിന്നും 50 ലക്ഷം രൂപയും നബാര്‍ഡില്‍ നിന്നും ഒരു കോടി രൂപയും വിവിധ പദ്ധതികള്‍ക്കായി ബജറ്റ് ലക്ഷ്യം വെക്കുന്നുണ്ട്.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബജറ്റ് സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനുമായ കെ.സി.കിഷോര്‍കുമാര്‍ ബജറ്റ് അവതരിപ്പിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി.ശ്രുതി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date