Skip to main content

പ്ലാസ്റ്റിക് നിരോധനം: ജില്ലയില്‍ പരിശോധന കര്‍ശനമാക്കുന്നു നിയമം നടപ്പാക്കാത്ത സെക്രട്ടറിമാര്‍ക്കെതിരെ കര്‍ശന നടപടി 

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് കര്‍ശനമായി നടപ്പാക്കാത്ത പഞ്ചായത്ത്/ നഗരസഭ സെക്രട്ടറിമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. ജില്ലയില്‍ പല പഞ്ചായത്തുകളിലും നഗരസഭകളിലും പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് യാതൊരു പരിശോധനയോ നടപടികളോ സെക്രട്ടറിമാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലയെന്ന് കലക്ടര്‍ കുറ്റപ്പെടുത്തി. കൂടാതെ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും നിയമവുമായി ബന്ധപ്പെട്ട് ബോധവത്ക്കരണവും നോട്ടീസും നല്‍കാത്തതിനെയും കലക്ടര്‍ വിമര്‍ശിച്ചു. നിയമം കര്‍ശനമായി നടപ്പാക്കിയില്ലെങ്കില്‍ ഗുരുതരമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മാര്‍ച്ച് 20നകം ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ദേശീയ ഹരിത ട്രൈബ്യൂനല്‍ മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അിറയിച്ചത്.
നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളുടെയും ഉത്പന്നങ്ങളുടെയും ഉല്‍പ്പാദനം, വിതരണം, വില്‍പ്പന, സൂക്ഷിക്കല്‍ എന്നിവ നിരോധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് വ്യാപാര സ്ഥാപനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു. നിയമം പാലിക്കാതെ ഇപ്പോഴും പ്ലാസിറ്റിക് വസ്തുക്കളുടെ ഉല്‍പ്പാദനം, വിതരണം, വില്‍പ്പനയും തുടരുന്നവരെ പരിശോധനയില്‍ കണ്ടെത്തിയാല്‍ പിഴയടക്കമുള്ള കനത്ത നടപടികള്‍ സ്വീകരിക്കും. പൊതുജനങ്ങളും വ്യാപാരസ്ഥാപനങ്ങളും തുണി, പേപ്പര്‍ സഞ്ചികള്‍പോലെയുള്ള പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങള്‍ സ്വീകരിച്ച് നിയമവുമായി സഹകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു. 
ജില്ലയില്‍ നഗരസഭാതലത്തില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുന്നതിനായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന തുടരുന്നു. 2020 ജനുവരി ഒന്നു മുതല്‍ നഗരസഭാതലത്തില്‍  199 വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ 890.38 കിലോഗ്രാം പ്ലാസ്റ്റിക്പിടിച്ചെടുത്തു. 1,70,000 രൂപ പിഴ ഈടാക്കി. 52 വ്യാപാര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പരപ്പനങ്ങാടി നഗരസഭയുടെ നേതൃത്വത്തിലാണ് ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയത്. 141 വ്യാപാര സ്ഥാപനങ്ങളിലാണ് പരപ്പനങ്ങാടി നഗരസഭ പരിശോധന നടത്തിയത്. പിഴ ഈടാക്കിയ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കിയ സ്ഥാപനങ്ങള്‍ക്കും നിയമം പാലിക്കാന്‍ കര്‍ശന നിര്‍ദേശം ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്.
യോഗത്തില്‍ സബ് കലക്ടര്‍ കെ.എസ് അഞ്ജു, ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീം,ഡെപ്യൂട്ടികലക്ടര്‍ പി.മുരളീധരന്‍, ജില്ലാശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ് തുടങ്ങി വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
 

date