Skip to main content

കൊറോണ : അതിജീവനത്തിന്റെ പാഠങ്ങൾ അറിയാൻ തെലുങ്കാന സംഘം ജില്ലയില്‍

ആലപ്പുഴ: കൊറോണ അതിജീവനത്തിന്റെ ജില്ലയിലെ പാഠങ്ങൾ അറിയാൻ തെലുങ്കാന  സർക്കാർ നിയോഗിച്ച അവിടുത്തെ ആരോഗ്യ വകുപ്പിന്റെ ഉന്നത  സംഘം ആലപ്പുഴയില്‍ എത്തി. കഴിഞ്ഞ ദിവസം  സംസ്ഥാനത്തെത്തിയ സംഘം ശനിയാഴ്ച ഉച്ചയോടെ കളക്ട്രേറ്റിലെത്തി ജില്ല കളക്ടര്‍ എം.അഞ്ജനയുമായി കൂടിക്കാഴ്ച നടത്തി. ജില്ലയില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജില്ല ഭരണകൂടവും ആരോഗ്യ വകുപ്പും ചേര്‍ന്ന് സ്വീകരിച്ച മുന്‍ കരുതലുകള്‍ ജില്ല കളക്ടര്‍ തെലുങ്കാന സംഘത്തിന് വിവരിച്ചു.  സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം എല്ലാ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ വ്യാപനം ഉണ്ടാകാതെ  തടയാന്‍ കഴിഞ്ഞതായി കളക്ടര്‍ പറഞ്ഞു.  രോഗം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തതു മുതല്‍  ജില്ലയിലെ ആരോഗ്യ മേഖല ജാഗ്രതയിലായതായി കളക്ടര്‍ പറഞ്ഞു. ആദ്യം ജില്ല മെഡിക്കല്‍ ഓഫീസിലും തുടര്‍ന്ന് കളക്ട്രേറ്റിലും  കണ്‍ട്രോള്‍ റൂം തുറന്നു. 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന കണ്‍ട്രോള്‍ റൂമില്‍ കാള്‍ സെന്‍റര്‍ ഏര്‍പ്പെടുത്തി. രണ്ടാം ദിവസം മുതല്‍ സൈക്കോളജിസ്റ്റിന്‍റെ സേവനങ്ങളും ഏര്‍പ്പെടുത്തി. ഡോക്ടര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കുമായി ആയിരക്കണക്കിന് ബോധവത്കരണക്ലാസുകള്‍ സംഘടിപ്പിച്ചു. യാത്രാ ചരിത്രവും രോഗലക്ഷണവും ഉള്ളവരെ കൃത്യമായി കണ്ടെത്താനും വേര്‍പെടുത്തി നിരീക്ഷിക്കാനും കഴിഞ്ഞത് രോഗപ്പകര്‍ച്ച തടയാന്‍ സഹായിച്ചതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘത്തിന് മുന്നില്‍ വിശദീകരിച്ചു. തെലുങ്കാന ജി എച്ച് എം സി അഡീഷണൽ കമ്മീഷണർ ബി. സന്തോഷ് , ഹൃദ്രോഗ ആശുപത്രി സൂപ്രണ്ട് ഡോ. മെഹബൂബ് ഖാൻ, തെലുങ്കാന എന്‍.എച്ച്.എം.ഡയറക്ടര്‍ ഡോ.രഘു,ഡോ.ശ്രാവണ്‍കുമാര്‍, ഹൈദ്രാബാദ് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.വെങ്കിടി എന്നിവര്‍ ഉള്‍പ്പെടുന്ന 12 അംഗ ഉന്നത ഉദ്യോഗസ്ഥ സംഘമാണ്  കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ ജില്ലയില്‍ എത്തിയത്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ‍ഡോ.രാംലാല്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സൈറുഫിലിപ്പ്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ആശ സി.എബ്രഹാം, ജില്ല മെ‍ഡിക്കല്‍ ഓഫീസിലെ ഡോക്ടര്‍മാരും പ്രതിനിധികളും യോഗത്തില്‍ പ്രവര്‍ത്തനങ്ങല്‍ വിശദീകരിച്ചു

date