Skip to main content
സരസകവി മൂലൂര്‍ എസ്. പത്മനാഭ പണിക്കരുടെ സ്മൃതി മണ്ഡപത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പുഷ്പാര്‍ച്ചന നടത്തുന്നു.

മൂലൂര്‍ സാമൂഹിക മാറ്റത്തിന് വഴിയൊരുക്കിയ വിപ്ലവകാരിയായ കവി: മന്ത്രി മാത്യു ടി തോമസ്

സാമൂഹിക മാറ്റത്തിന് സാഹിത്യ രചനയെ കാര്യക്ഷമമായി ഉപയോഗിച്ച വിപ്ലവകാരിയായ കവിയായിരുന്നു മൂലൂര്‍ എസ് പത്മനാഭ പണിക്കരെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന മൂലൂരിന്റെ 150-ാം ജയന്തി ആഘോഷ പരിപാടികള്‍ ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
    പൊതുസമൂഹത്തിന്റെ മൂല്യ സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യുന്ന രചനകളായിരുന്നു മൂലൂരിന്റേത്. കേരളം അനുക്രമമായി നേടിയെടുത്ത സാമൂഹിക പുരോഗതിക്ക് മൂലൂരിന്റെ രചനകള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്. രാജ്യം മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രീതികളില്‍ നിന്ന് പിന്നോക്കം പോകുന്ന സാഹചര്യം ഉടലെടുക്കുന്നുണ്ട്. ഒരുകാലത്ത് സാമൂഹിക ജീര്‍ണതകള്‍ക്കെതിരേ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വന്നതു പോലെ രാജ്യത്തിന്റെ ബഹുസ്വരത കാത്തു സൂക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ട കാലമാണിതെന്നും മന്ത്രി പറഞ്ഞു. ഈ കാലത്തെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജയന്തി ആഘോഷങ്ങളിലൂടെ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു. 
    മൂലൂരിന്റെ സ്മരണ നമ്മില്‍ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം നിറവേറ്റുവാന്‍ അദ്ദേഹത്തിന്റെ 150-ാം ജയന്തി ആഘോഷ വേളയില്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. തിന്മയില്‍ നിന്നും നന്മയിലേക്കുള്ള പ്രയാണത്തിനുള്ള ആഹ്വാനമായിരുന്നു മൂലൂരിന്റെ കൃതികളെന്നും എംഎല്‍എ പറഞ്ഞു. മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് കെ.സി. രാജഗോപാലന്‍, സെക്രട്ടറി പ്രൊഫ. ഡി. പ്രസാദ്, പി.വി. സ്റ്റാലിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

date