Skip to main content

ആറന്മുള മണ്ഡലത്തില്‍ 18 കമ്മ്യൂണിറ്റി കിച്ചണ്‍  ആരംഭിച്ചു: വീണാ ജോര്‍ജ് എം.എല്‍.എ

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ ആറന്മുള മണ്ഡലത്തില്‍ 18 കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചതായി വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. മല്ലപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിലെ കമ്മ്യൂണിറ്റി കിച്ചണിലെത്തി പാചക ക്രമീകരണങ്ങള്‍ എന്തൊക്കെയാണെന്ന് വിലയിരുത്തുകയായിരുന്നു എം.എല്‍.എ. 

800 ല്‍ അധികം ആളുകള്‍ക്കുള്ള ഭക്ഷണം ആറന്മുള മണ്ഡലത്തില്‍ ഒരുക്കുന്നുണ്ട്. വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കുമുള്ള ഭക്ഷണം കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണു പാചകം ചെയ്യുന്നത്. ആറന്മുള വിമാനത്താവളത്തിനായി മാറ്റിവച്ച സ്ഥലങ്ങളില്‍ താമസിക്കുന്ന 70 പേര്‍ക്കും കമ്മ്യൂണിറ്റി കിച്ചണില്‍ ഭക്ഷണം തയ്യാറാക്കുന്നുണ്ട്. എല്ലാ കമ്മ്യൂണിറ്റി കിച്ചണിലേക്കും പ്രവേശിക്കുന്നതിനു മുന്‍പായി ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. ചോറിനോടൊപ്പം സാമ്പാര്‍, തോരന്‍, അച്ചാര്‍ എന്നിവയാണു കൂട്ടാന്‍. വരുംദിവസങ്ങളില്‍ മെച്ചപ്പെട്ട രീതിയില്‍ ഭക്ഷണം നല്‍കാനാകും. 

ചില പഞ്ചായത്തുകളില്‍ പഞ്ചായത്ത് പ്രസിന്റുമാരും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്നാണു പാചകം ചെയ്യുന്നത്. ചിലയിടങ്ങളില്‍ കാറ്ററിംഗ് അസോസിയേഷനുകള്‍ സൗജന്യമായി ഭക്ഷണം പാകംചെയ്തു നല്‍കുന്നുണ്ട്. ചിലര്‍ ഭക്ഷണത്തിനായുള്ള സാധനങ്ങള്‍ വാങ്ങി നല്‍കുന്നുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. 

മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എം.എസ് സുചിത്ര, ഗീതാ കൃഷ്ണന്‍, റോസമ്മ മത്തായി, വൈസ് പ്രസിഡന്റ് മിനി ജിജി ജോസഫ്, സെക്രട്ടറി വസന്ത കുമാര്‍, അസി. സെക്രട്ടറി അശോക് കുമാര്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ടി.ബി.എസ്. ബിന്ദു, വില്ലേജ് ഓഫീസര്‍ സരളാദേവി, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ഭക്ഷണം പാചകം ചെയ്യാന്‍ കമ്മ്യൂണിറ്റി കിച്ചണിലുണ്ടായിരുന്നു. 

 

 

 

date